ടെക് ലോകത്ത് മാത്രമല്ല ദൈനംദിന കാര്യങ്ങളിൽ പോലും ഇലോണ്‍ മസ്‌ക് ഇടപെട്ട് സംസാരിക്കുന്നത് ഇപ്പോൾ അമ്പരപ്പിക്കുന്ന വിഷയങ്ങൾ ആണ്.ട്വിറ്റർ എക്‌സ് ആയതു മുതൽ അങ്ങനെ ഒരുപാട് കൗതുകവും അതേ സമയം അമ്പരപ്പിക്കുന്നതുമായ വിഷയങ്ങൾ മസ്‌ക് മുന്നിലിടുന്നുണ്ട്. അത്തരമൊരു അമ്പരപ്പിക്കുന്ന കാര്യം മസ്‌ക് പങ്കുവച്ച് കഴിഞ്ഞു.
മാസങ്ങള്‍ക്കുള്ളില്‍ താന്‍ തന്റെ ഫോണ്‍ നമ്പര്‍ ഒഴിവാക്കുമെന്നും ഇനി മുതല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കും ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എക്‌സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.
പേര് മാറ്റത്തിന് പിന്നാലെ എക്‌സില്‍ വന്ന വിവിധ ഫീച്ചറുകള്‍ക്കൊപ്പമാണ് വീഡിയോ ഓഡിയോ കോള്‍ സൗകര്യവും കമ്പനി അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ വേണ്ട. ഐഒഎസിലും ആന്‍ഡ്രോയിഡിലും പേഴ്‌സണല്‍ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം.
എക്‌സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള മസ്‌കിന്റെ നീക്കമാണിത്. കഴിഞ്ഞ ഒക്ടോബറിലാണ് എക്‌സില്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. എക്‌സിനെ ഒരു 'എവരിതിങ് ആപ്പ്' എന്ന നിലയില്‍ പ്രചാരം നല്‍കുകയാണ് മസ്‌ക്. എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ലഭിക്കുന്ന ഒരു സൂപ്പര്‍ ആപ്പ്/എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് എക്‌സിനെ മാറ്റിയെടുക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.