വാഷിംഗ്‌ടൺ: നൂതനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം ഉപയോക്താക്കൾക്ക് നൽകാനായി ഇൻസ്റ്റഗ്രാം അതിന്റെ ഷോർട്ട്-ഫോം വീഡിയോ ഫീച്ചറായ റീൽസിനായി പ്രത്യേക ആപ്പ് ആരംഭിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ടിക്‌ടോക്കിന് സമാനമായി റീൽ വിഡിയോകൾ മാത്രം കാണാവുന്ന തരത്തിലുള്ള ആപ്പ് അവതരിപ്പിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയുടെ പദ്ധതി. ഇൻസ്റ്റഗ്രാമിന്റെ റീൽ വിഭാഗം മേധാവി ആദം മൊസേരി ഈയാഴ്ച ഇതേക്കുറിച്ച് ജീവനക്കാരുമായി ചർച്ച നടത്തിയതായി ചില സ്രോതസുകളെ ഉദ്ധരിച്ച് 'ദി ഇൻഫർമേഷൻ' റിപ്പോർട്ട് ചെയ്തു.ചൈനീസ് കമ്പനിയായ ടിക്‌ടോക് അമേരിക്കയിൽ നേരിടുന്ന പ്രതിസന്ധി മുതലെടുക്കാനാണ് മെറ്റയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018-ൽ മെറ്റാ ലാസോ എന്ന വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ ആപ്പിന് കാര്യമായ പ്രചാരം ലഭിക്കാത്തതിനാൽ അടച്ച് പൂട്ടുകയായിരുന്നു.ജനുവരിയിൽ, 'മെറ്റ എഡിറ്റ്സ്' എന്ന പേരിൽ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ടിന് സമാനമായിരുന്നു മെറ്റ എഡിറ്റ്സ്.