ന്യൂഡല്‍ഹി: ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി ട്വിറ്ററിൽ കടുത്ത നടപടികളുമായി ഇലോൺ മസ്ക്. ഇന്ത്യയിലെ ഡൽഹി, മുംബൈ ഓഫീസുകൾ അടച്ചു പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശം. അതേസമയം എഞ്ചിനീയർമാരും മറ്റും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ഓഫീസ് തുടർന്നും പ്രവർത്തിക്കും. കഴിഞ്ഞ വർഷം ഇന്ത്യയിലെ നിരവധി ജീവനക്കാരെ ട്വിറ്റർ പറഞ്ഞുവിട്ടിരുന്നു.
വരുമാനം ഉണ്ടാക്കുന്നതിൻ്റെ ഭാഗമയി ഏപ്രില്‍ ഒന്നുമുതല്‍ നീല ടിക്കിന് ട്വിറ്റർ നിരക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പണം കൊടുത്ത് വെരിഫിക്കേഷന്‍ മാർക്ക് തുടരില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ച അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ന്യൂയോര്‍ക്ക് ടൈംസിൻ്റെ നീല ടിക് അപ്രത്യക്ഷമായത് വാർത്തയായിരുന്നു. ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് നീല ടിക്ക് മാര്‍ക്ക്
44 ബില്യണ്‍ ഡോളര്‍ കരാറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും നടപടികൾ ആരംഭിച്ചത്.