ട്വിറ്റർ എന്ന് പറഞ്ഞാൽ തന്നെ മനസിൽ വരുന്നത് നീല നിറമുള്ള ചിത്രമുള്ള പക്ഷിയാണ്. എന്നാൽ നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം ഒരു നായയുടെ ലോഗോ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.
ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ഇഷ്ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഗ് കോയിന്‍. ഇതിലെ ഡോഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയിരിക്കുന്നത്.
ഷിബു ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ് ഡോഗ് കോയിനിന്റെ ലോഗോ.
പുതിയ മാറ്റം ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് മൊബൈല്‍ ആപ്പില്‍ മാറ്റം വരുത്തിയിട്ടില്ല. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഗ് കോയിനിന്റെ ലോഗോയായി മാറിയത്.
ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത്. നേരത്തെ ഇന്ത്യയിലെ ഡൽഹി, മുംബൈ ഓഫീസുകൾ ട്വിറ്റർ അടച്ചു പൂട്ടിയിരുന്നു. ഇവിടെയുണ്ടായിരുന്ന ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അടക്കമുള്ള നിരവധി ജീവനക്കാരെ ട്വിറ്റർ പറഞ്ഞുവിട്ടിരുന്നു.
വരുമാനം ഉണ്ടാക്കുന്നതിൻ്റെ ഭാഗമയി ഏപ്രില്‍ ഒന്നുമുതല്‍ നീല ടിക്കിന് ട്വിറ്റർ നിരക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പണം കൊടുത്ത് വെരിഫിക്കേഷന്‍ മാർക്ക് തുടരില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ച അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ന്യൂയോര്‍ക്ക് ടൈംസിൻ്റെ നീല ടിക് അപ്രത്യക്ഷമായത് വാർത്തയായിരുന്നു. ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് നീല ടിക്ക് മാര്‍ക്ക്
44 ബില്യണ്‍ ഡോളര്‍ കരാറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും നടപടികൾ ആരംഭിച്ചത്.