ദേശീയ പെന്‍ഷന്‍ സ്‌കീം അക്കൗണ്ടില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന നിര്‍ബന്ധമാക്കി.ഇനി ഡബിള്‍ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
ദേശീയ പെന്‍ഷന്‍ സ്‌കീമിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കല്‍ ഇനി ഇരട്ട പരിശോധനയ്ക്ക് ശേഷം മാത്രമേ സാധ്യമാകൂ, അതായത് രണ്ട് ഘട്ടത്തിലൂടെ പരിശോധന പൂര്‍ത്തിയാക്കണം. ഇതനുസരിച്ച്, സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി സംവിധാനത്തിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് കൂടുതല്‍ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
എന്‍പിഎസ് അംഗങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് ഇത് ചെയ്തിരിക്കുന്നത്.സിആര്‍എ സംവിധാനത്തിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇപ്പോള്‍ രണ്ട് ഘട്ട പരിശോധന നടത്തണം. സിആര്‍എ സംവിധാനം ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്, നിലവില്‍ എന്‍പിഎസ് അംഗങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഒരു യൂസര്‍ ഐഡിയും പാസ്വേഡും ആവശ്യമാണ്.
അക്കൗണ്ടിലെ മാറ്റങ്ങളും പിന്‍വലിക്കലുകളും ഇവയിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. നിലവില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഓഫീസര്‍മാര്‍ സിആര്‍എ ലോഗിന്‍ ചെയ്യുന്നതിന് പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന വേണ്ടിവരുന്നു.