കോർപ്പറേറ്റുകളെ വിറപ്പിച്ച ഹിൻഡൻബർഗ്, ഏറ്റവും ഒടുവിൽ പണി കൊടുത്തത് യുഎസ് ആസ്ഥാനമായുള്ള കാർ ഡീലർഷിപ്പായ കാർവാനയ്ക്കാണ്. കാർ സെയിൽസിൻ്റെ ആമസോൺ എന്ന് അറിയപ്പെട്ടിരുന്ന ഈ കാർ വിൽപ്പന കമ്പനിക്ക് ഹിൻഡൻബർഗ് കൊടുത്തത് മുട്ടൻ പണിയായിരുന്നു.
2012 ൽ സ്ഥാപിതമായ കാർവാന ഏകദേശം 44 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഓൺലൈൻ കാർ വിൽപ്പന കമ്പനിയാണ്. യൂസ്ഡ് കാറുകൾ വാങ്ങാനും വിൽക്കാനും റീട്ടെയിൽ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഇതിൻ്റെ പ്രധാന ബിസിനസ്സ്.
2022ലും 2023ലും പാപ്പരത്തം നേരിട്ടെങ്കിലും, 2024ൽ കാർവാനയുടെ ഓഹരി 284% ഉയർന്നു. കമ്പനിയുടെ മോശം നാളുകൾ അവസാനിച്ചെന്ന് നിക്ഷേപകർ വിശ്വസിക്കാൻ ഇത് കാരണമായി. എന്നാൽ ആ വിശ്വാസത്തിൽ തീ കോരിയിടുകയായിരുന്നു ഹിൻഡൻബർഗ്.
ഹിൻഡൻബർഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 4 മാസത്തെ ഗവേഷണത്തിനൊടുവിൽ ജനുവരി 2 ന് റിപ്പോർട്ട് പുറത്തുവന്നു. കാർവാനയുടെ വളർച്ച ഒരു കുമിളയാണെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്ന ജനുവരി 3-ന് മാത്രം കാർവാനയുടെ ഓഹരി വില 200 ഡോളറിൽ നിന്ന് 177 ഡോളറായി കൂപ്പുകുത്തി.
ഈ ഗവേഷണത്തിനായി, വ്യവസായ വിദഗ്ധർ, കാർവാനയിലെ മുൻ ജീവനക്കാർ, കോമ്പറ്റീറ്റേഴ്സ്, കമ്പനിയുമായി ബന്ധപ്പെട്ട കക്ഷികൾ എന്നിവരുൾപ്പെടെ 49 ആളുകളുമായി ഹിൻഡൻബർഗ് നേരിട്ട് അഭിമുഖം നടത്തി. റിപ്പോർട്ട് പുറത്ത് വന്നതോടെ കാർവാനയുടെ ഓഹരി വില 15% വരെ ഇടിഞ്ഞു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
എക്സിക്യൂട്ടീവുകൾ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഹരികൾ വിറ്റഴിക്കുകയും ലാഭം നേടുകയും ചെയ്തു.
ഏകദേശം 800 മില്യൺ ഡോളറിന്റെ വായ്പകൾ, അക്കൗണ്ടിംഗ് പിശകുകൾ, ദുർബലമായ പലിശ വായ്പാ രീതികൾ എന്നിവയിൽ കാർവാന ഒളിച്ചുകളി നടത്തി.
വ്യാജ കണക്കുകൾ നൽകി എതിരാളികളേക്കാൾ 845% അധികം വിൽപനയും 745% അധികം വരുമാനവും കാണിച്ച് ഓഹരി വില വർദ്ധിപ്പിച്ചു.
കാർവാന സിഇഒ എർണി ഗാർസിയ മൂന്നാമന്റെ പിതാവ് ഏണസ്റ്റ് ഗാർസിയ രണ്ടാമൻ ഈ ഓഹരി മുന്നേറ്റം മുതലെടുത്ത് 4 ബില്യൺ ഡോളറിൻ്റെ ഓഹരികൾ വിറ്റ് വൻ ലാഭം നേടി.
എന്നാൽ ഹിൻഡൻബർഗ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന് ശേഷം ഇന്നലത്തെ വ്യാപാരത്തിൽ കാർവാന 9.66 ശതമാനം ഉയർന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഈ 15 ശതമാനം ഇടിവ് വീണ്ടെടുക്കാൻ കഴിഞ്ഞു.