ബജറ്റ് 2025: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. സാധാരണക്കാർ മുതൽ വ്യവസായികൾ വരെയുള്ളവർ വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്.
ഈ ബജറ്റിൽ ആദായനികുതി ഇളവ് പരിധി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീസലും പെട്രോളും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇതിലൂടെ പെട്രോൾ ഡീസൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബജറ്റിൽ പ്രതീക്ഷിക്കുന്ന 8 കാര്യങ്ങൾ
1. നികുതി പരിഷ്കാരങ്ങൾ: ലളിതവും സുതാര്യവുമാവുമോ നികുതി നിയമങ്ങൾ?
നികുതി നിയമങ്ങളിലെ സങ്കീർണ്ണതകൾ കുറയ്ക്കുകയും ലളിതമായ നികുതി ഫയലിംഗ് പ്രക്രിയകൾ കൊണ്ടുവരികയും ചെയ്യുമെന്നാണ് പ്രധാന പ്രതീക്ഷകളിലൊന്ന്. വ്യക്തികൾക്കും ബിസിനസ്സുകൾക്കും ഒരുപോലെ എളുപ്പത്തിൽ നികുതി അടയ്ക്കാൻ സാധിക്കുന്ന ഒരു സംവിധാനത്തിനായിരിക്കും ഈ ബജറ്റിൽ മുൻഗണന നൽകുക എന്ന് കരുതപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ പല നികുതി നിയമങ്ങളും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളവയാണ്. അതിനാൽ, നിയമങ്ങൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ ആളുകൾ നികുതി അടയ്ക്കുന്നതിലേക്ക് വരും.
2. ജിഎസ്ടി ചട്ടക്കൂട്: എംഎസ്എംഇ മേഖലയ്ക്ക് ഉണർവ്വ് നൽകുമോ?
ചരക്ക് സേവന നികുതി (ജിഎസ്ടി) സമ്പ്രദായത്തിൽ കൂടുതൽ യുക്തിസഹമായ സ്ലാബുകളും വേഗത്തിലുള്ള റീഫണ്ടുകളും ബിസിനസ്സുകൾ, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) പ്രതീക്ഷിക്കുന്നു. ലളിതമായ ജിഎസ്ടി സംവിധാനം രാജ്യത്ത് ബിസിനസ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുകയും ഇത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യും. ഡീസൽ, പെട്രോൾ തുടങ്ങിയവയെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് അവയുടെ വില കുറയ്ക്കാൻ സഹായിക്കുമെന്നും പലരും പ്രതീക്ഷിക്കുന്നു.
3. ഇടത്തരം ഭവനങ്ങൾ: ഭവന വായ്പാ പലിശയിൽ ഇളവുകളുണ്ടാകുമോ?
ഭവന വായ്പകളുടെ പലിശയിളവുകൾ വർദ്ധിപ്പിക്കുന്നത് സ്വന്തമായി വീട് എന്ന സ്വപ്നം കാണുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. കൂടാതെ, സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളിൽ വർധനവ് വരുത്തുന്നത് ഇടത്തരം കുടുംബങ്ങൾക്ക് സാമ്പത്തികമായി ഏറെ സഹായകമാകും. റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും ഇത് ഉത്തേജനം നൽകും.
4. ഓഹരികളിലെയും റിയൽ എസ്റ്റേറ്റിലെയും നിക്ഷേപം: മൂലധന നേട്ട നികുതിയിൽ മാറ്റങ്ങളുണ്ടാകുമോ?
ഓഹരി വിപണിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് മൂലധന നേട്ട നികുതി ചട്ടക്കൂട് ലളിതമാക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾക്ക് മേലുള്ള നികുതി ഒഴിവാക്കുകയോ അല്ലെങ്കിൽ അസറ്റ് ക്ലാസുകൾക്ക് അനുസരിച്ച് ഏകീകൃത നികുതി നിരക്കുകൾ ഏർപ്പെടുത്തുകയോ ചെയ്യുന്നത് നിക്ഷേപകർക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കുകയും കൂടുതൽ ആളുകളെ നിക്ഷേപത്തിലേക്ക് ആകർഷിക്കുകയും ചെയ്യും.
5. ക്രിപ്‌റ്റോകറൻസി നികുതി: വ്യക്തത കൈവരുമോ?
ക്രിപ്‌റ്റോകറൻസി മേഖല വ്യക്തമായ നിയമങ്ങൾക്കും നികുതിയിളവുകൾക്കുമായി കാത്തിരിക്കുകയാണ്. അതിവേഗം വളരുന്ന ഈ ഡിജിറ്റൽ ആസ്തി വിപണിയിൽ സുതാര്യതയും നിയമപരമായ സ്ഥിരതയും ഉറപ്പാക്കാൻ 2025 ലെ ബജറ്റിൽ കൃത്യമായ മാനദണ്ഡങ്ങളും ന്യായമായ നികുതി വ്യവസ്ഥയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ ക്രിപ്റ്റോ ഇടപാടുകൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നുണ്ട്.
6. സ്റ്റാൻഡേർഡ് ഡിഡക്ഷൻ: ശമ്പള വരുമാനക്കാർക്ക് ആശ്വാസമാകുമോ?
രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തിൻ്റെ സമ്മർദ്ദങ്ങൾക്കിടയിൽ ശമ്പളമുള്ള വ്യക്തികൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്താൻ സാധ്യതയുണ്ട്. ഇത് ശമ്പള വരുമാനമുള്ളവരുടെ കയ്യിൽ കൂടുതൽ പണം എത്താൻ സഹായിക്കും.
7. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ: പുതിയ പദ്ധതികൾ വരുമോ?
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, നൈപുണ്യ വികസന പരിപാടികൾ, വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് പിന്തുണ എന്നിവയ്ക്കായി ബജറ്റിൽ കൂടുതൽ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ട്. രാജ്യത്തെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്.
8. വനിതാ നികുതിദായകർക്കുള്ള പ്രോത്സാഹനങ്ങൾ: പ്രത്യേക ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാമോ?
വനിതാ പ്രൊഫഷണലുകൾക്ക് പ്രത്യേക നികുതി ഇളവുകളോ കിഴിവുകളോ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും തൊഴിൽ ശക്തിയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
നികുതിദായകരുടെ ആശങ്കകൾ പരിഹരിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടുള്ള ഒരു ബജറ്റായിരിക്കും 2025 ലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവിധ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്ന പരിഷ്കാരങ്ങളിലൂടെ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക ഭാവിക്കായി ഈ ബജറ്റ് വഴിയൊരുക്കുമെന്നും കരുതാം.