PM Kisan Samman Nidhi: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം അർഹരായ എല്ലാ കർഷകരിലേക്കും എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ഊർജിത ശ്രമം ആരംഭിച്ചു. ഇതുവരെ പദ്ധതിയിൽ ഉൾപ്പെടാൻ കഴിയാത്ത യോഗ്യരായ കർഷകരെക്കൂടി ബന്ധിപ്പിക്കാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ലോക്സഭയിൽ അറിയിച്ചു. ഏപ്രിൽ 15 മുതൽ നാലാമത്തെ കാമ്പയിൻ ആരംഭിക്കും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ, പല കാരണങ്ങളാലും നിരവധി കർഷകർക്ക് ഇതുവരെ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള കർഷകരെക്കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ കാമ്പയിൻ ആരംഭിക്കുന്നത്. യോഗ്യരായ കർഷകരെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകൾ സഹായിക്കണമെന്ന് കേന്ദ്രമന്ത്രി അഭ്യർഥിച്ചു. പദ്ധതിയിൽ പുതുതായി ചേർക്കുന്ന കർഷകർക്ക് മുൻപ് ലഭിക്കേണ്ടിയിരുന്ന കുടിശ്ശിക തുകകളും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
രാജ്യത്തെ കർഷകർക്ക് പദ്ധതിയുടെ പ്രയോജനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഷകർക്കായി മൊബൈൽ ആപ്ലിക്കേഷനും പിഎം കിസാൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടും ആനുകൂല്യം ലഭിക്കാത്ത കർഷകർ അടിയന്തരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇ-കെവൈസി പൂർത്തിയാക്കാത്തത്, ഭൂമി രേഖകൾ സമർപ്പിക്കാത്തത്, അപേക്ഷയിലെ തെറ്റുകൾ എന്നിവയെല്ലാം ആനുകൂല്യം തടസ്സപ്പെടുത്താൻ കാരണമായേക്കാം. അതിനാൽ ആനുകൂല്യം കൃത്യമായി ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സമർപ്പിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.
പി.എം കിസാൻ സമ്മാൻ നിധിയുടെ 19 ഗഡുക്കൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. കർഷകർ ഇപ്പോൾ 20-ാം ഗഡുവിനായി കാത്തിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം പ്രതിവർഷം 6000 രൂപ, 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് തുക വിതരണം ചെയ്യുന്നത്.