യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡ്, ഇൻഷുറൻസ് രംഗത്തേക്ക് കടക്കുന്നു. ഏകദേശം 4500 കോടി രൂപയ്ക്ക് മാഗ്മ ജനറൽ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഈ ഏറ്റെടുക്കലിലൂടെ ആരോഗ്യം, വാഹനം, വീട് തുടങ്ങിയ മേഖലകളിലെ ഇൻഷുറൻസ് സേവനങ്ങൾ പതഞ്ജലി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
രാജ്യത്തെമ്പാടുമുള്ള വിപുലമായ വിതരണ ശൃംഖല പതഞ്ജലിയുടെ കൈമുതലാണ്. ഇതിലൂടെ ഇൻഷുറൻസ് പോളിസികൾ എളുപ്പത്തിൽ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വർദ്ധിച്ചുവരുന്ന ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് പതഞ്ജലിയുടെ ലക്ഷ്യം.
ഇൻഷുറൻസ് രംഗത്തേക്കുള്ള പ്രവേശനത്തോടൊപ്പം, പതഞ്ജലി തങ്ങളുടെ ഭക്ഷ്യ സംസ്കരണ മേഖലയും വിപുലീകരിക്കുകയാണ്. നാഗ്പൂരിൽ പുതിയൊരു ഫുഡ് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് വിപണിയിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ആയുർവേദ മരുന്നുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇതിനകം തന്നെ ശക്തമായ സാന്നിധ്യമുള്ള പതഞ്ജലി, ഇൻഷുറൻസിലേക്കും ഭക്ഷ്യ സംസ്കരണത്തിലേക്കുമുള്ള ഈ കടന്നുചാട്ടത്തിലൂടെ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കൂടുതൽ വിപുലപ്പെടുത്തുകയാണ്.