ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ വീണ്ടും തലക്കെട്ടുകളിൽ നിറയുകയാണ്, ഇത്തവണ അഭിനയമികവുകൊണ്ടല്ല, നികുതി അടച്ചതിൻ്റെ പേരിലാണ്. 2024-2025 സാമ്പത്തിക വർഷത്തിൽ 120 കോടി രൂപ നികുതി അടച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന നികുതിദായകനായിരിക്കുകയാണ് ഈ 82 കാരൻ. കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ 92 കോടി രൂപ നികുതി അടച്ചതിനെയാണ് അമിതാഭ് ബച്ചൻ മറികടന്നത്.
അടുത്തിടെ പുറത്തിറങ്ങിയ 'കൽക്കി 2898 എഡി', 'വേട്ടയാൻ' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പ്രശംസകൾ നേടുമ്പോഴും, അമിതാഭ് ബച്ചൻ്റെ പ്രധാന വരുമാന മാർഗ്ഗങ്ങൾ ബ്രാൻഡ് എൻഡോഴ്സ്മെൻ്റുകളും, ജനപ്രിയ ഗെയിം ഷോ 'കോൻ ബനേഗ ക്രോർപതി'യുടെ 16-ാം സീസൺ അവതാരകനായുള്ള പ്രതിഫലവുമാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്നും അദ്ദേഹത്തിന് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിൻ്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കി.
സിനിമാ ലോകത്തെ അടുത്ത വൃത്തങ്ങൾ പിങ്ക് വില്ലയോട് പറഞ്ഞത് അനുസരിച്ച്, "ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമകളിൽ അഭിനയിക്കുന്നതു മുതൽ മുൻനിര ബ്രാൻഡുകളുടെ അംബാസഡർ ആകുന്നതുവരെ, 82 വയസ്സിലും അമിതാഭ് ബച്ചൻ്റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല. കോൻ ബനേഗ ക്രോർപതിയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെയും പ്രിയങ്കരനായി അദ്ദേഹം തുടരുന്നു. ഈ വരുമാന സ്രോതസ്സുകളിൽ നിന്നെല്ലാം ഏകദേശം 350 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് സിനിമാ ലോകത്ത് ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണ്."
"ഇന്നും എല്ലാ ഇന്ത്യക്കാർക്കും ബിഗ് ബി ഒരു മാതൃകയാണ്. എല്ലാ നികുതികളും കൃത്യ സമയത്ത് അടയ്ക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. 2025-ൽ കൂടുതൽ മികച്ച പ്രോജക്ടുകളിൽ ഒപ്പുവെക്കാനും, തൻ്റെ ആരാധകർക്ക് മികച്ച സിനിമകൾ സമ്മാനിക്കാനും അമിതാഭ് ബച്ചൻ പ്രതിജ്ഞാബദ്ധനാണ്," അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അഭിനയ ജീവിതത്തിൽ സജീവമായി തുടരുന്ന അമിതാഭ് ബച്ചൻ, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 'സെക്ഷൻ 84' എന്ന കോർട്ട് റൂം ഡ്രാമയിലും, നാഗ് അശ്വിൻ്റെ 'കൽക്കി 2898 എഡി'യുടെ തുടർച്ചയിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച്, അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയുടെ നെറുകയിൽ തൻ്റെ ജൈത്രയാത്ര തുടരുകയാണ്. ഒപ്പം രാജ്യത്തിന് ഏറ്റവും കൂടുതൽ നികുതി നൽകുന്ന വ്യക്തികളിൽ ഒരാളായി മാതൃകയുമാകുകയാണ് ഈ ഇതിഹാസ താരം.