രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. മാർച്ച് അവസാനത്തോടെ ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എൽഐസിയുടെ ഭാവി പദ്ധതികളെക്കുറിച്ച് സിഇഒ സിദ്ധാർത്ഥ മൊഹന്തി കഴിഞ്ഞ ദിവസം സൂചന നൽകി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31-ന് മുൻപ് ഇതുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എൽഐസി ആ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിഇഒ വ്യക്തമാക്കി. ഏത് കമ്പനിയുടെ ഓഹരിയാണ് വാങ്ങാൻ പദ്ധതിയിടുന്നതെന്നുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. "എൽഐസി 51% ഓഹരിക്ക് ശ്രമിക്കില്ല. എല്ലാ സാധ്യതകളും ഞങ്ങൾ പരിശോധിച്ചു വരികയാണ്," മൊഹന്തി കൂട്ടിച്ചേർത്തു.
ആരോഗ്യ ഇൻഷുറൻസ് രംഗത്ത് മത്സരം കടുക്കുന്നു
ഇന്ത്യയിൽ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നിലവിൽ ശക്തമായ മത്സരമാണ് നിലനിൽക്കുന്നത്. സ്വകാര്യ കമ്പനികൾക്കാണ് വിപണിയിൽ മുൻതൂക്കം. എൽഐസി കൂടി ഈ രംഗത്തേക്ക് പ്രവേശിക്കുന്നതോടെ മത്സരം കൂടുതൽ ശക്തമാവുകയും പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ എൽഐസിക്ക് വിപണിയിൽ വലിയ സ്വാധീനം നേടാൻ സാധിക്കുകയും ചെയ്യും.
നിലവിൽ ലൈഫ് ഇൻഷുറൻസ് പോളിസികളും, പെൻഷൻ പദ്ധതികളും, ഇൻവെസ്റ്റ്‌മെന്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളുമാണ് എൽഐസി പ്രധാനമായി വിൽക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എൽഐസിക്ക് നിലവിലില്ല.
സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയായി എൽഐസി
എൽഐസി ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്ക് കടന്നുവരുന്നത് സ്വകാര്യ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകും. വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, ആദിത്യ ബിർള ഇൻഷുറൻസ്, നിവ ബുപ ഹെൽത്ത് ഇൻഷുറൻസ്, കെയർ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുമായി എൽഐസിക്ക് മത്സരിക്കേണ്ടി വരും.
കൂടാതെ, ദീർഘകാല ടേം ബോണ്ടുകൾ പുറത്തിറക്കുന്നതിനായി എൽഐസി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആർബിഐ) ചർച്ചകൾ നടത്തുകയാണെന്നും സിഇഒ അറിയിച്ചു. നിലവിൽ 20 മുതൽ 30 വർഷം വരെ കാലാവധിയുള്ള ബോണ്ടുകളാണ് എൽഐസി പുറത്തിറക്കുന്നത്. 40 വർഷം വരെ കാലാവധിയുള്ള ബോണ്ടുകളും ഉണ്ട്. എന്നാൽ 50 വർഷം മുതൽ 100 വർഷം വരെ കാലാവധിയുള്ള ദീർഘകാല ബോണ്ടുകൾ പുറത്തിറക്കാനാണ് എൽഐസി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ആർബിഐയുടെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.