Share this Article
Latest Business News in Malayalam
ഗ്രാം സുമംഗല്‍ പദ്ധതിയേക്കുറിച്ച് കേട്ടിട്ടുണ്ടോ? അറിഞ്ഞിരിക്കേണ്ടതെല്ലാം
Post office Gram Sumangal Rural Postal Scheme

പോസ്റ്റ് ഓഫീസുകൾ, പണ്ടുമുതലേ നമ്മുടെ ഗ്രാമങ്ങളുടെ ജീവനാഡിയാണ്. കത്തുകൾ കൈമാറുന്നതിനപ്പുറം, സാധാരണക്കാർക്ക് ഉപകാരപ്രദമായ നിരവധി സാമ്പത്തിക പദ്ധതികളും പോസ്റ്റ് ഓഫീസുകൾ നമുക്ക് നൽകുന്നുണ്ട്. സ്വയംപര്യാപ്തതയോടെ ജീവിക്കാൻ ഓരോ വ്യക്തിയെയും സഹായിക്കുന്ന ഇത്തരം പദ്ധതികളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 

സ്ത്രീകൾ, പ്രായമായവർ, കുട്ടികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമായ സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. സുകന്യ സമൃദ്ധി യോജനയും മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റും ഒക്കെ സ്ത്രീകൾക്കായിട്ടുള്ള മികച്ച ഉദാഹരണങ്ങളാണ്. എന്നാൽ, പല സ്ത്രീകൾക്കും അത്ര പരിചിതമല്ലാത്ത, എന്നാൽ ഏറെ പ്രയോജനകരമായ ഒരു പദ്ധതി കൂടിയുണ്ട് - ഗ്രാം സുമംഗൽ യോജന.

ഗ്രാമീണ മേഖലയിലെ ആളുകൾക്ക്, പ്രത്യേകിച്ചും സ്ഥിര വരുമാനം ഇല്ലാത്ത സ്വയം തൊഴിൽ ചെയ്യുന്നവർ, കർഷകർ, ചെറുകിട സംരംഭകർ എന്നിവർക്ക് വേണ്ടിയാണ് ഗ്രാമീൺ തപാൽ ലൈഫ് ഇൻഷുറൻസിന്റെ കീഴിൽ ഈ മണി ബാക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഗ്രാമങ്ങളിലുള്ളവരുടെ സാമ്പത്തിക ഭാവിയ്ക്ക് ഒരു 'സുമംഗലം' തന്നെയാണിത്!

ഗ്രാം സുമംഗൽ യോജനയുടെ പ്രധാന പ്രത്യേകതകൾ:

നിശ്ചിത ഇടവേളകളിൽ പണം കൈകളിൽ: സാധാരണ ഇൻഷുറൻസ് പോളിസികൾ മെച്യൂരിറ്റിയിൽ ഒരു വലിയ തുക നൽകുമ്പോൾ, ഗ്രാമീൺ സുമംഗൽ യോജന നിശ്ചിത വർഷങ്ങളിൽ നിങ്ങളുടെ പണം ഒരു നിശ്ചിത ശതമാനം വീതം തിരികെ നൽകുന്നു. വരുമാനം കൃത്യമായി ഇല്ലാത്ത കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ഇത് വളരെ പ്രയോജനകരമാണ്. കിട്ടുന്ന പണം ദൈനംദിന ആവശ്യങ്ങൾക്കോ, ചെറിയ കടങ്ങൾ വീട്ടാനോ ഒക്കെ ഉപയോഗിക്കാം.

രണ്ട് പോളിസി കാലാവധികൾ, സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം: 15 വർഷത്തേക്കോ 20 വർഷത്തേക്കോ നിങ്ങൾക്ക് ഈ പോളിസി തിരഞ്ഞെടുക്കാം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇതിലുണ്ട്.

നിശ്ചിത വർഷങ്ങളിൽ പണം മടക്കി കിട്ടുന്നത് എങ്ങനെ?:

15 വർഷത്തെ പോളിസി: 6, 9, 12 വർഷങ്ങളിൽ ഓരോ തവണയും സം അഷ്വേർഡ് തുകയുടെ 20% വീതം ലഭിക്കും. പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ബാക്കിയുള്ള 40% തുകയും, അതുവരെയുള്ള ബോണസും ഒരുമിച്ച് കിട്ടും.

20 വർഷത്തെ പോളിസി: 8, 12, 16 വർഷങ്ങളിൽ ഓരോ തവണയും സം അഷ്വേർഡ് തുകയുടെ 20% വീതം ലഭിക്കും. 20 വർഷം പൂർത്തിയാകുമ്പോൾ ബാക്കിയുള്ള 40% തുകയും, അതുവരെയുള്ള ബോണസും ഒരുമിച്ച് കിട്ടും.

ഉദാഹരണത്തിന്, നിങ്ങൾ 5 ലക്ഷം രൂപയുടെ പോളിസിയാണ് എടുക്കുന്നതെങ്കിൽ, 15 വർഷത്തെ പോളിസിയിൽ 6, 9, 12 വർഷങ്ങളിൽ 1 ലക്ഷം രൂപ വീതം (5 ലക്ഷത്തിന്റെ 20%) നിങ്ങൾക്ക് തിരികെ ലഭിക്കും. 15 വർഷം കഴിയുമ്പോൾ ബാക്കിയുള്ള 2 ലക്ഷം രൂപയും (5 ലക്ഷത്തിന്റെ 40%), ബോണസും കിട്ടും.

കുടുംബത്തിന് സാമ്പത്തിക സുരക്ഷ: പോളിസി കാലാവധിക്കിടയിൽ പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ, മുഴുവൻ സം അഷ്വേർഡ് തുകയും (പോളിസി തുക) ബോണസും നോമിനിക്ക് ലഭിക്കും. ഇത് കുടുംബത്തിന് ഒരു സാമ്പത്തിക സുരക്ഷ നൽകുന്നു.

വർഷംതോറുമുള്ള ബോണസ്: ഗ്രാം സുമംഗൽ യോജനയിൽ നിക്ഷേപിക്കുന്ന പണത്തിന് പോസ്റ്റ് ഓഫീസ് വർഷം തോറും ബോണസ് നൽകുന്നു. പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ഈ ബോണസ് തുക മൊത്തം തുകയോടൊപ്പം ചേർത്ത് കിട്ടും. ഇത് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഗ്രാം സുമംഗൽ യോജനയിൽ ചേരാനുള്ള യോഗ്യത:

19 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ള ആർക്കും ഈ പോളിസി എടുക്കാം.

പോളിസി കാലാവധി 15 വർഷമോ 20 വർഷമോ തിരഞ്ഞെടുക്കാം.

കുറഞ്ഞത് 10,000 രൂപ മുതൽ പരമാവധി 50 ലക്ഷം രൂപ വരെ സം അഷ്വേർഡ് തിരഞ്ഞെടുക്കാം.

പ്രീമിയം തുക മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, ആറുമാസത്തിലൊരിക്കലോ, വർഷത്തിലൊരിക്കലോ അടയ്ക്കാം.

എങ്ങനെ അപേക്ഷിക്കാം?

ഗ്രാമീൺ സുമംഗൽ യോജനയിൽ ചേരാൻ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നേരിട്ട് പോകുക. ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ നൽകുക. പോസ്റ്റ് ഓഫീസിലെ ജീവനക്കാർ അപേക്ഷ ഫോം പൂരിപ്പിക്കാൻ സഹായിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന പോളിസിക്കനുസരിച്ചുള്ള പ്രീമിയം അടച്ച് പോളിസി ആരംഭിക്കാം.

ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ സഹായിക്കുന്ന വളരെ നല്ലൊരു പദ്ധതിയാണ് ഗ്രാമീൺ സുമംഗൽ യോജന. നിങ്ങളുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഭാവിയ്ക്ക് ഒരു മുതൽക്കൂട്ട് ആകാൻ ഈ പോളിസിയ്ക്ക് കഴിയും. കൂടുതൽ വിവരങ്ങൾ അറിയാനും പോളിസി എടുക്കുവാനും ഉടൻ തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories