കെ വൈ സി (Know Your Customer) അപ്‌ഡേറ്റിനായി ബാങ്കുകളിൽ നിന്ന് തുടർച്ചയായി വരുന്ന ഫോൺ കോളുകൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഒരു സന്തോഷവാർത്ത ഇതാ. KYC അപ്‌ഡേറ്റുകൾക്കായി ഉപഭോക്താക്കളെ നിരന്തരം വിളിക്കുന്നത് ഒഴിവാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI).
ഒരു ഉപഭോക്താവ് KYC രേഖകൾ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരിക്കൽ സമർപ്പിച്ചാൽ, അത് വീണ്ടും സമർപ്പിക്കാനായി അവരെ ബുദ്ധിമുട്ടിക്കരുതെന്ന് RBI ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. RBI ഓംബുഡ്‌സ്‌മാൻ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾക്ക് അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ബാങ്കിംഗ് സ്ഥാപനങ്ങൾ അവരുടെ എല്ലാ ശാഖകളെയും ഓഫീസുകളെയും ഒരു കേന്ദ്രീകൃത ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മിക്ക ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) അവരുടെ ഓഫീസുകളെ കേന്ദ്ര ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിൽ പിന്നോട്ട് പോവുകയാണ്. ഇത് ഉപഭോക്താക്കളെ ആവർത്തിച്ച് KYC രേഖകൾ സമർപ്പിക്കാൻ നിർബന്ധിതരാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് ആവർത്തിച്ചുള്ള ഫോൺ കോളുകൾ ഒഴിവാക്കാനും ഈ പ്രക്രിയ ലളിതമാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനം നിലവിൽ വരുന്നതോടെ KYC വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാവുകയും ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാകുകയും ചെയ്യും.
KYC അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?
KYC രേഖകൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്കുകൾക്ക് അക്കൗണ്ടിലെ ഇടപാടുകൾ തടയാനോ, അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാനോ സാധിക്കും. ഗുരുതരമായ സാഹചര്യങ്ങളിൽ അക്കൗണ്ട് അവസാനിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇങ്ങനെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ബാങ്ക് ഉപഭോക്താവിനെ അറിയിച്ചിരിക്കണം.