കാർഷിക മേഖല മുതൽ മറ്റു വ്യവസായങ്ങൾക്ക് വരെ ഡ്രോണുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ വലിയ ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇപ്പോഴിതാ, ഡ്രോണുകൾക്ക് ഏകീകൃത ജിഎസ്ടി നിരക്ക് ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. ജിഎസ്ടി കൗൺസിലിന്റെ അടുത്ത യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ജിഎസ്ടി ഇളവ്: വ്യവസായത്തിന് പുത്തൻ ഉണർവ്വ്
ഇന്ത്യൻ ഡ്രോൺ വ്യവസായം അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ജിഎസ്ടി നിരക്കുകളിൽ വ്യക്തത വരുത്തുന്നത് വ്യവസായത്തിന് കൂടുതൽ ഉണർവ് നൽകും. നിലവിൽ ഡ്രോണുകളുടെ വർഗ്ഗീകരണം അനുസരിച്ച് വ്യത്യസ്ത ജിഎസ്ടി നിരക്കുകളാണ് ഈടാക്കുന്നത്. ഇത് പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഏകീകൃത ജിഎസ്ടി നിരക്ക് എന്ന നിർദ്ദേശം സർക്കാർ പരിഗണിക്കുന്നത്.
ഉദാഹരണത്തിന്, ക്യാമറ ഘടിപ്പിച്ച ഡ്രോണുകളെ HSN 8525 പ്രകാരം ഡിജിറ്റൽ ക്യാമറയായി കണക്കാക്കി 18% ജിഎസ്ടി ഈടാക്കുന്നു. എന്നാൽ HSN കോഡ് 8806 പ്രകാരമുള്ള വിമാനങ്ങളുടെ ഗണത്തിലാണ് ഡ്രോണെങ്കിൽ 5% ആണ് ജിഎസ്ടി. വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്നതും കുറഞ്ഞ വിലയുള്ളതുമായ ഡ്രോണുകൾക്ക് 28% ജിഎസ്ടി ഈടാക്കുന്നുണ്ട്.
സർക്കാർ പ്രോത്സാഹനം
ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിവിധ തലങ്ങളിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. കൃഷി, നിർമ്മാണം, ലോജിസ്റ്റിക്സ്, പൊതുസുരക്ഷ തുടങ്ങിയ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചു. ഗ്രീൻ സോണുകളിൽ 400 അടി വരെ ഉയരത്തിൽ ഡ്രോണുകൾ പറത്താൻ അനുമതി നൽകിയിട്ടുണ്ട്. ഇവിടെ ഡ്രോൺ പറത്താൻ പ്രത്യേക അനുമതി ആവശ്യമില്ല. മഞ്ഞ മേഖലയിലെ (യെല്ലോ സോൺ) നിയന്ത്രണങ്ങൾ ലഘൂകരിച്ചതും വ്യോമയാന മന്ത്രാലയത്തിൻ്റെ ഇടപെടലുകളും ഡ്രോൺ വ്യവസായത്തിന് ഗുണകരമായി.
2023 ൽ, ഡ്രോൺ നിയമങ്ങളിൽ വ്യോമയാന മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു. മൈക്രോ, നാനോ ഡ്രോണുകളുടെ വാണിജ്യേതര ഉപയോഗത്തിന് ഇളവ് നൽകി.
നമോ ഡ്രോൺ ദീദി പദ്ധതി
ഡ്രോൺ ഉപയോഗം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ 'നമോ ഡ്രോൺ ദീദി' പോലുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം, വനിതാ സ്വയം സഹായ സംഘങ്ങൾക്ക് കാർഷിക ആവശ്യങ്ങൾക്കായി ഡ്രോൺ പറത്താൻ പരിശീലനം നൽകുന്നു. ഡ്രോൺ സാങ്കേതികവിദ്യയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിലവിൽ രാജ്യത്ത് ഏകദേശം 488 ഡ്രോൺ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനികൾക്ക് ഏകദേശം 518 മില്യൺ ഡോളറിന്റെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ബിസിനസ് ഡ്രോണുകൾക്ക് ഏകീകൃത ജിഎസ്ടി ഏർപ്പെടുത്തുന്നത് വഴി നികുതി തർക്കങ്ങൾ ഒഴിവാക്കാനും വ്യവസായത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകാനും സാധിക്കും.
നിരാകരണം: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.