Share this Article
Latest Business News in Malayalam
എടിഎം ഉപയോഗിക്കുന്നതിന് ഇനി കൂടുതൽ പണം നൽകേണ്ടി വരും; പുതിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ
വെബ് ടീം
posted on 24-03-2025
2 min read
RBI approves hike of Rs 2 for financial transactions

സാധാരണക്കാർക്ക് തിരിച്ചടിയായി, എടിഎം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി. പുതിയ തീരുമാനപ്രകാരം, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും ഉപഭോക്താക്കൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. മേയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

പുതിയ മാറ്റങ്ങൾ അനുസരിച്ച്, പണം പിൻവലിക്കുന്നതിനുള്ള നിരക്ക് 2 രൂപയും, ബാലൻസ് പരിശോധിക്കുന്നതിനുള്ള നിരക്ക് 1 രൂപയുമാണ് വർധിക്കുക. ഇതോടെ പണം പിൻവലിക്കുന്നതിനുള്ള ഇന്റർചേഞ്ച് ചാർജ് 17 രൂപയിൽ നിന്ന് 19 രൂപയായി ഉയരും. അതുപോലെ ബാലൻസ് പരിശോധിക്കുന്നതിനുള്ള നിരക്ക് 6 രൂപയിൽ നിന്ന് 7 രൂപയായും വർധിക്കും. ഈ തീരുമാനം രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തും.

ചെറിയ ബാങ്കുകളെയും, സ്വന്തമായി ചെറിയ എടിഎം ശൃംഖലകളുള്ള ബാങ്കുകളെയും ഈ മാറ്റം കാര്യമായി ബാധിക്കും. നിലവിലെ ചാർജുകൾ ഉപയോഗിച്ച് എടിഎം ശൃംഖലയുടെ പ്രവർത്തനവും ബാങ്കിംഗ് സേവനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർ അറിയിച്ചതിനെ തുടർന്നാണ് ഈ നിരക്ക് വർധന. 

ചാർജ് വർദ്ധിപ്പിക്കാനുള്ള ആവശ്യം എൻപിസിഐ (നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) റിസർവ് ബാങ്കിന് മുന്നിൽ വെക്കുകയും, ആർബിഐ ഇതിന് അനുമതി നൽകുകയുമായിരുന്നു. ബാങ്കുകൾ ഈ അധിക ഭാരം ഉപഭോക്താക്കളുടെ അധിക ചാർജുകളിലൂടെ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നാണ് സൂചന. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കുമ്പോഴെല്ലാം അതിന്റെ ഭാരം നേരിട്ട് ഉപഭോക്താക്കൾക്കാണ് ഉണ്ടായിട്ടുള്ളത്.

എന്താണ് ഇന്റർചേഞ്ച് ഫീസ്?

എടിഎം ഇന്റർചേഞ്ച് ഫീസ് എന്നാൽ ഒരു ബാങ്കിന്റെ ഉപഭോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ, ആദ്യ ബാങ്ക് രണ്ടാമത്തെ ബാങ്കിന് നൽകുന്ന ഫീസാണ്. ഇത് ഉപഭോക്താവിന്റെ ഓരോ ഇടപാടിന്റെയും ഭാഗമാണ്, ഇത് മിക്കപ്പോഴും ഉപഭോക്താവിൽ നിന്ന് ഈടാക്കാറുണ്ട്.

പുതിയ മാറ്റങ്ങളെക്കുറിച്ച് എൻപിസിഐ മാർച്ച് 13-ന് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. നിരക്ക് വർദ്ധിപ്പിക്കാൻ എൻപിസിഐ ആർബിഐയുടെ അനുമതി തേടിയിരുന്നു, അതിന് ഇപ്പോൾ അംഗീകാരം ലഭിച്ചു.

നിലവിലെ നിയമം:

നിലവിൽ മെട്രോ നഗരങ്ങളിലെ ആളുകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ നടത്താം. മെട്രോ ഇതര പ്രദേശങ്ങളിൽ ഇത് 3 സൗജന്യ ഇടപാടുകളാണ്. സൗജന്യ പരിധി കഴിഞ്ഞാൽ, ഓരോ ഇടപാടിനും ഉപഭോക്താവ് ചാർജ് നൽകണം. എടിഎം പിൻവലിക്കൽ ചാർജുകൾ വർധിക്കുന്നതോടെ, ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും, കാരണം ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ പലപ്പോഴും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളെ ആശ്രയിക്കേണ്ടി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories