ഇന്നത്തെ കാലത്ത് ചെറുതും വലുതുമായ എന്തിനും ഏതിനും നമ്മൾ യുപിഐ വഴി ഗൂഗിൾ പേ, ഫോൺ പേ, തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചാണ് പൈസ കൊടുക്കാറുള്ളത്. ചായ കാശായ പത്തു രൂപയാണെങ്കിൽ പോലും നമ്മൾ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യും, അത്രയ്ക്ക് ഡിജിറ്റൽ ആയി കാര്യങ്ങൾ മാറി. എന്നാൽ, വലിയ കച്ചവടങ്ങൾ വരുമ്പോൾ, ഉദാഹരണത്തിന് ഒരു വീട് വാങ്ങാനോ, വലിയ ബിസിനസ് ഡീൽ ഒപ്പിക്കാനോ ഒക്കെ പലരും ഇപ്പോഴും പണമായി തന്നെ കൊടുക്കാനാണ് ഇഷ്ടപ്പെടുന്നത്. പക്ഷെ ഇങ്ങനെയുള്ള വലിയ പണമിടപാടുകൾ പലതും നിയമ ലംഘനമാണെന്ന് നിങ്ങൾക്ക് അറിയാമോ?
രണ്ട് ലക്ഷം രൂപ കടന്നാൽ പിന്നെ സർക്കാരിന്റെ കണ്ണ് നിങ്ങളുടെ പോക്കറ്റിലേക്ക്!
CA നിതിൻ കൗശിക് എന്ന സാമ്പത്തിക വിദഗ്ദ്ധൻ ഈ അടുത്ത കാലത്ത് X-ൽ ഒരു കാര്യം പോസ്റ്റ് ചെയ്തു. "രണ്ട് ലക്ഷം രൂപയിൽ കൂടുതൽ നിങ്ങൾ ആരിൽ നിന്നെങ്കിലും പണമായി വാങ്ങിയാൽ, ബാക്കി ഒന്നും നിങ്ങളുടെ കയ്യിൽ കാണില്ല!" എന്നാണ് അദ്ദേഹം പറയുന്നത്. പലരും വിചാരിക്കും പല തവണയായി പൈസ വാങ്ങിയാൽ രക്ഷപെടാം എന്ന്. തെറ്റിദ്ധാരണയാണ്; ആദായ നികുതി വകുപ്പ് 269ST പ്രകാരം, നിങ്ങൾ രണ്ട് ലക്ഷമോ അതിൽ കൂടുതലോ രൂപ ഒരാളിൽ നിന്ന് പണമായി സ്വീകരിച്ചാൽ - അത് ഒറ്റത്തവണ ആയാലും, പല തവണകളായി വാങ്ങിയാലും വലിയ പിഴ ഉറപ്പാണ്.
നിങ്ങൾ കൈമാറിയ പൈസ എത്രയാണോ, അത്രയും തന്നെ പിഴയായി സർക്കാരിലേക്ക് അടയ്‌ക്കേണ്ടി വരും! ശരിക്കും കിട്ടിയ പൈസ മുഴുവൻ പോക്കറ്റിൽ നിന്ന് പോകും എന്ന് പറഞ്ഞാൽ അത് സത്യമാണ്.
നിങ്ങൾ ഒരാൾക്ക് മൂന്ന് ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് വിചാരിക്കുക. പല തവണയായി ഒരു ലക്ഷം രൂപ വീതം കൊടുത്താൽ നിയമത്തിൽ നിന്ന് രക്ഷപെടാം എന്ന് നിങ്ങൾ കരുതുകയാണെങ്കിൽ അത് ഒരു തെറ്റിദ്ധാരണയാണ്. അതും നിയമ വിരുദ്ധമാണ്.
ഈ രണ്ട് ലക്ഷത്തിന് മുകളിലുള്ള പണം എങ്ങനെ കൈകാര്യം ചെയ്യും
നിങ്ങൾക്ക് രണ്ട് ലക്ഷത്തിൽ കൂടുതൽ പൈസ കൈമാറ്റം ചെയ്യണമെന്നുണ്ടെങ്കിൽ, ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുക, അല്ലെങ്കിൽ യുപിഐ, നെറ്റ് ബാങ്കിംഗ് പോലുള്ള ഓൺലൈൻ വഴികൾ ഉപയോഗിക്കുക. അതാണ് ഏറ്റവും സുരക്ഷിതം. അല്ലാതെ പണം എണ്ണി കൊടുത്ത് പോക്കറ്റ് കാലിയാക്കേണ്ട ഗതികേട് വരുത്തരുത്.