രഞ്ജൻ പൈയുടെ പിന്തുണയുള്ള ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) നിർണ്ണായകമായ ഒരു ഹർജി ഫയൽ ചെയ്തു. ബൈജൂസിൻ്റെ മാതൃ കമ്പനിയായ തിങ്ക് & ലേണിൻ്റെ പാപ്പരത്ത പരിഹാര പ്രക്രിയയിൽ (Insolvency Resolution Process) ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് എഇഎസ്എൽ ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ള കക്ഷികളുടെ കണ്ടക്ട് പരിശോധിക്കാൻ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി ബോർഡ് ഓഫ് ഇന്ത്യയോട് (ഐബിബിഐ) എൻസിഎൽടി നിർദ്ദേശിക്കണമെന്നും എഇഎസ്എൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ഇടക്കാല റെസല്യൂഷൻ പ്രൊഫഷണൽ പങ്കജ് ശ്രീവാസ്തവ, നിലവിലെ റെസല്യൂഷൻ പ്രൊഫഷണൽ ശൈലേന്ദ്ര അജ്മേര, ഗ്ലാസ് ട്രസ്റ്റ് കമ്പനി, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഐബിബിഐ, ബംഗളൂരുവിലെ കമ്പനികളുടെ രജിസ്ട്രാർ എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളായി ചേർത്തിരിക്കുന്നത്.
മണിപ്പാൽ ഹെൽത്ത് സിസ്റ്റംസും എംഇഎംജി ഫാമിലി ഓഫീസും എഇഎസ്എല്ലിൻ്റെ ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. നടപടിക്രമങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇവരും ആരോപിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞ് സമീപിച്ച മാധ്യമങ്ങളോട് ഗ്ലാസ് ട്രസ്റ്റ്, ശൈലേന്ദ്ര അജ്മേര, പങ്കജ് ശ്രീവാസ്തവ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഐബിബിഐ, കമ്പനികളുടെ രജിസ്ട്രാർ എന്നിവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മണിപ്പാൽ ഹെൽത്ത് സിസ്റ്റവും എംഇഎംജി ഫാമിലി ഓഫീസും തൽക്കാലം പ്രതികരിക്കാനില്ലെന്ന് അറിയിച്ചു.
രാജ്യത്തെ പ്രമുഖ എഡ്യൂക്കേഷൻ ടെക്നോളജി സ്ഥാപനമായ ബൈജൂസിനെതിരെ ഉയർന്ന ഈ ആരോപണങ്ങൾ വ്യവസായ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. എൻസിഎൽടിയുടെയും ഐബിബിഐയുടെയും തുടർന്നുള്ള നടപടികൾക്കായി ഉറ്റുനോക്കുകയാണ് നിരീക്ഷകർ.