തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടി. 50 ശതമാനം വരെ വർധന. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനം. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിച്ചു. പ്രതീക്ഷിക്കുന്നത് 15 കോടി രൂപ. സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു.കോടതി ഫീസ് വര്‍ധിപ്പിച്ചു. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോര്‍വാഹന നിരക്ക് വര്‍ധിപ്പിച്ചു. മോട്ടോര്‍വാഹന ഫീസുകള്‍ ഏകീകരിച്ചു .15 കോടി അധികവരുമാനം.
ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമാണ്. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണിത്.പുതിയ ഐടി നയത്തിന് രൂപംനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍വര്‍ഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.95 കോടി രൂപയും അനുവദിച്ചു.എഐയ്ക്ക് പ്രോത്സാഹനം നല്‍കുന്നത് കൂടിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എഐയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങും. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും. 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും അനുവദിച്ചു.