അഞ്ച് വര്‍ഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. ഇതോടെ റിപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നതു ജനങ്ങൾക്കു വൻ ആശ്വാസമാകും. കേന്ദ്ര ബജറ്റിൽ ആദായനികുതിഭാരം കുറച്ചതിനു തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് വൻ നേട്ടമാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം 'നിക്ഷ്പക്ഷ' (ന്യൂട്രല്‍)തയില്‍ നിലനിര്‍ത്തുകയും ചെയ്തു.നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.25 ലക്ഷം രൂപയുടെ ഭവന വായ്പ തിരിച്ചടവ് കാലാവധി 20 വർഷം ഉള്ളവർക്ക് പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയും ആണെങ്കിൽ . റിപ്പോനിരക്ക് 0.25% കുറച്ചതോടെ പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും.