കേബിൾ, വയർ (സി & ഡബ്ല്യു) വ്യവസായത്തിലേക്ക് അദാനി ഗ്രൂപ്പ് കൂടി എത്തിയതോടെ വിപണിയിൽ പുതിയ മത്സരം കടുക്കുന്നു. അദാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ പവർ കേബിൾ & വയർ കമ്പനികളുടെ ഓഹരികൾ വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞു. ഒരു മാസത്തിനിടെ രണ്ട് വൻകിട വ്യവസായ ഗ്രൂപ്പുകൾ ഈ രംഗത്തേക്ക് കടന്നുവരുന്നത് ചെറുകിട കമ്പനികൾക്കും നിലവിൽ ഈ രംഗത്തുള്ള വൻകിടക്കാർക്കും ആശങ്കയുണ്ടാക്കുന്നു.
ചെറുകിട, അസംഘടിത കമ്പനികളായിരുന്നു കേബിൾ വിപണിയിൽ മുൻപ് ഉണ്ടായിരുന്നത്. എന്നാൽ അദാനിയുടെയും ബിർള ഗ്രൂപ്പിന്റെയും വരവോടെ കാര്യങ്ങൾ മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ആദിത്യ ബിർള ഗ്രൂപ്പ് ഈ രംഗത്തേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള കച്ച് കോപ്പർ ലിമിറ്റഡ് (കെസിഎൽ), പ്രണിത വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ‘പ്രണിത ഇക്കോകേബിൾസ് ലിമിറ്റഡ്’ (പിഇഎൽ) എന്ന പേരിൽ പുതിയ സംയുക്ത സംരംഭം ആരംഭിച്ചു. ഇതിന് മുൻപ്, ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക് സിമന്റ് ഗുജറാത്തിലെ പ്ലാന്റ് ഉൾപ്പെടെ കേബിൾ, വയർ ബിസിനസ്സിൽ 1,800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അദാനി ഗ്രൂപ്പ് സിമന്റ്, ചെമ്പ് ബിസിനസുകളിലേക്കും നേരത്തെ ചുവടുവെച്ചിരുന്നു. കഴിഞ്ഞ വർഷം ബിർള ഓപസ് ആരംഭിച്ചതിന് പിന്നാലെ അലങ്കാര പെയിന്റുകൾ, മരം കൊണ്ടുള്ള ഫിനിഷിംഗ് ഉത്പന്നങ്ങൾ എന്നിങ്ങനെ വിവിധതരം കെട്ടിട നിർമ്മാണ ഉത്പന്നങ്ങൾ വിപണിയിലിറക്കി ബിർള ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കി.
സ്ഥാപനത്തിന്റെ വളർച്ച ലക്ഷ്യമിട്ടാണ് ബിർള ഗ്രൂപ്പിന്റെ കേബിൾ & വയർ ബിസിനസ്സിലേക്കുള്ള കടന്നുവരവ്. വൈറ്റ് സിമന്റ്, വാൾ പുട്ടി, പെയിന്റ് എന്നിവയ്ക്ക് പുറമെ വയറുകളും കേബിളുകളും കൂടി ചേർത്തതോടെ നിർമ്മാണ മേഖലയിൽ ബിർള ഗ്രൂപ്പ് വലിയ മുന്നേറ്റം നടത്തുകയാണ്.
ഹിൻഡാൽകോയുടെ ബിർള കോപ്പർ, അലുമിനിയം ബിസിനസ്സുകൾ വയറുകളുടെയും കേബിളുകളുടെയും മേഖലയ്ക്ക് കൂടുതൽ കരുത്ത് നൽകും.
ചെമ്പാണ് ഈ മേഖലയിലെ പ്രധാന അസംസ്കൃത വസ്തു.
അദാനി ഗ്രൂപ്പിന്റെ കൽക്കരി, ഊർജ്ജം, ലോജിസ്റ്റിക്സ് ബിസിനസുകൾ സിമന്റ് ബിസിനസുമായി ചേരുമ്പോൾ ഉൽപ്പാദന ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കച്ച് കോപ്പറുമായുള്ള അദാനിയുടെ കൂട്ടുകെട്ട് ചെമ്പ് ഉൽപ്പാദന രംഗത്തും നേട്ടമുണ്ടാക്കും. പുനരുപയോഗ ഊർജ്ജം, അടിസ്ഥാന സൗകര്യവികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ അദാനി ഗ്രൂപ്പിൻ്റെ ശക്തമായ അടിത്തറയും ബിസിനസ് വൈദഗ്ധ്യവും ഈ സംരംഭത്തിന് കരുത്തേകും.
പോളികാബ്, ഹാവെൽസ്, ഫിനോലെക്സ് കേബിൾസ്, കെഇഐ ഇൻഡസ്ട്രീസ് തുടങ്ങിയ വമ്പൻമാർ അടക്കിവാഴുന്ന കേബിൾ വിപണിയിൽ അദാനിയുടെയും ബിർളയുടെയും സാന്നിധ്യം മത്സരം കടുപ്പിക്കും.
കേബിൾ വിപണിയിൽ പോളികാബിനാണ് (20%) വിപണി വിഹിതത്തിൽ മുന്നിൽ. കെഇഐ (12%), ഹാവെൽസ് (8%), കെഇസി (6%) എന്നിവയാണ് തൊട്ടുപിന്നിൽ. വയറുകളിൽ ഫിനോലെക്സ് (15%), ആർആർ കേബിൾസ് (12%), പോളികാബ് (10%), വി-ഗാർഡ് (8%), ആങ്കർ (7%), ഹാവെൽസ് (6%) എന്നിവരാണ് പ്രധാനികൾ. ഈ വ്യവസായ രംഗത്ത് 400-ഓളം കമ്പനികൾ മത്സരിക്കുന്നുണ്ട്.
നിരാകരണം: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇതൊരു സാമ്പത്തിക ഉപദേശമായി കണക്കാക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതിനാൽ നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുമായി ആലോചിക്കുന്നത് ഉചിതമാണ്.