കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് 90 ശതമാനത്തിലധികം ഐടി കമ്പനികൾ കുറഞ്ഞെന്ന് റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 16,388 ഐടി കമ്പനികൾ ഉണ്ടായിരുന്നത് 2024-25 ൽ വെറും 2,419 ആയി കുറഞ്ഞു. സാമ്പത്തിക മാന്ദ്യം, നിക്ഷേപം കുറയൽ, സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളർച്ച തുടങ്ങിയ കാരണങ്ങളാണ് ഈ വലിയ തകർച്ചയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
പ്രമുഖ ഐടി വിദഗ്ധർ ഈ പ്രതിസന്ധിയിൽ ആശങ്ക രേഖപ്പെടുത്തുന്നു. നിലവിലെ ബിസിനസ് മോഡലുകൾ ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (MCA) കണക്കുകൾ പ്രകാരം, ഐടി ഹബ്ബായ കർണാടകയിലാണ് പുതിയ കമ്പനികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്. 2020 സാമ്പത്തിക വർഷത്തിൽ 2,544 പുതിയ ഐടി കമ്പനികൾ കർണാടകയിൽ ആരംഭിച്ച സ്ഥാനത്ത്, 2025 ൽ ഇത് വെറും 212 ആയി കുറഞ്ഞു. ഇത് 90 ശതമാനത്തിലധികം ഇടിവാണ്.
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിലാണ് ഇൻഫോസിസ്, വിപ്രോ തുടങ്ങിയ വമ്പൻ കമ്പനികളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഇത്രയും വലിയ തകർച്ച എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പല കാരണങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിയൊരുക്കിയത് എന്നാണ് എവറസ്റ്റ് ഗ്രൂപ്പിലെ അക്ഷത് വൈദ് അഭിപ്രായപ്പെടുന്നത്.
പുതിയ കമ്പനികൾക്ക് ബിസിനസ് ചെയ്യാനുള്ള സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതായിരിക്കുന്നു. ആഗോള രാഷ്ട്രീയ സ്ഥിരതയില്ലായിമയും സാമ്പത്തിക മാന്ദ്യവും ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പല കമ്പനികളും ഇപ്പോൾ ചെലവ് ചുരുക്കാൻ നിർബന്ധിതരാകുന്നു. ഇത് മത്സരത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു, പുതിയ ഐടി കമ്പനികളുടെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നു എന്നും അക്ഷത് വൈദ് പറയുന്നു.
മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. 2020 ൽ 2,483 ഐടി കമ്പനികൾ ഉണ്ടായിരുന്നത് 2025 ൽ 375 ആയി കുറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് (TCS), പൂനെയിൽ സ്ഥിതി ചെയ്യുന്ന ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ ആണ് മഹാരാഷ്ട്രയിലെ പ്രധാന ഐ ടി കമ്പനികൾ.
തെലങ്കാനയിലും പുതിയ ഐടി കമ്പനികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. 2020 ൽ 2,077 കമ്പനികൾ ഉണ്ടായിരുന്നത് 2025 ൽ 233 ആയി കുറഞ്ഞു. ഹൈദരാബാദ് ഐടി രംഗത്തെ പ്രധാന നഗരമാണ്. സൈൻറ് പോലുള്ള ഇടത്തരം കമ്പനികളുടെ ആസ്ഥാനവും ഇവിടെയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഐടി സേവന മേഖലയെ തന്നെ മാറ്റിമറിക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള ഔട്ട്‌സോഴ്‌സിംഗ്, കുറഞ്ഞ ചിലവിൽ കൂടുതൽ ജീവനക്കാരെ വെച്ചുള്ള പ്രവർത്തനം എന്നിവയെ AI ചോദ്യം ചെയ്യുന്നു. 2021 ൽ നിക്ഷേപം അതിന്റെ വലിയ ഉയർച്ചയിൽ എത്തിയ ശേഷം, സ്റ്റാർട്ടപ്പുകളിലേക്കും ടെക് കമ്പനികളിലേക്കുമുള്ള നിക്ഷേപം കുത്തനെ കുറഞ്ഞു. ഈ പ്രതിസന്ധി വലിയ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പുതിയ ഐടി കമ്പനികൾ തുടങ്ങുന്നത് ഗണ്യമായി കുറഞ്ഞു.
പുതിയ കമ്പനികൾ കുറയുന്നതിനൊപ്പം, നിലവിലുള്ളവ അടച്ചുപൂട്ടുന്നതും വർധിച്ചു. 2025 ൽ മാത്രം 2,300 ഐടി കമ്പനികൾ പൂട്ടി. കർണാടകയിൽ 440 കമ്പനികളും മഹാരാഷ്ട്രയിൽ 459 കമ്പനികളും അടച്ചുപൂട്ടി. 2020 ൽ 9,100 ൽ അധികം കമ്പനികൾ പൂട്ടിയിരുന്നു. മഹാരാഷ്ട്രയും കർണാടകയും കുറച്ചുകാലം മികച്ച വരുമാനം നേടിയെങ്കിലും, ഐടി മേഖലയിൽ വളർച്ച സ്ഥിരമായിരുന്നില്ല എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇൻഫോസിസ്, എച്ച്‌സിഎൽ ടെക് പോലുള്ള വമ്പൻ കമ്പനികൾ പോലും AI യുടെ വരവ് ഐടി ബിസിനസ് മോഡലുകളെ കാലഹരണപ്പെട്ടതാക്കുന്നു എന്ന് മുന്നറിയിപ്പ് നൽകുന്നു. എച്ച്‌സിഎൽ ടെക് സിഇഒ വിജയ്കുമാറിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. കഴിഞ്ഞ 30 വർഷം ഐടി മേഖല കണ്ട വളർച്ച ഇനി ഉണ്ടാകില്ലെന്നും, പരമ്പരാഗത ബിസിനസ് മോഡൽ അവസാനിക്കുകയാണെന്നും അദ്ദേഹം പറയുന്നു. എങ്കിലും, പകുതി ജീവനക്കാരെ ഉപയോഗിച്ച് ഇരട്ടി വരുമാനം നേടാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രതിസന്ധി ഇന്ത്യൻ ഐടി മേഖലയ്ക്ക് ഒരു വഴിത്തിരിവാകുമോ? പുതിയ മാറ്റങ്ങൾക്കും തന്ത്രങ്ങൾക്കും ഐടി കമ്പനികൾ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.