Share this Article
Latest Business News in Malayalam
ഓഹരി വിപണിയിൽ ചാഞ്ചാട്ടം: സെൻസെക്സും നിഫ്റ്റിയും നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു
Stock Market Closes Marginally Lower Amid Volatility
  • സെൻസെക്സ് 191.51 പോയിന്റ് ഇടിഞ്ഞ് 77,414.92 ൽ എത്തി 

  • നിഫ്റ്റി 72.61 പോയിന്റ്  കുറഞ്ഞ് 23,519.35 ലും വ്യാപാരം അവസാനിപ്പിച്ചു

ന്യൂഡൽഹി: ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ഗ്രീൻ മാർക്കറ്റിൽ ഫ്ലാറ്റ് നിലയിലായിരുന്നെങ്കിലും ക്ലോസിംഗ് സമയത്ത് നേരിയ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയും സെൻസെക്സും ഇന്ന് വലിയ ചാഞ്ചാട്ടങ്ങൾ നേരിട്ടു. സെൻസെക്സ് 191.51 പോയിന്റ് അഥവാ 0.24% ഇടിഞ്ഞ് 77,414.92 ൽ എത്തി. നിഫ്റ്റി 72.61 പോയിന്റ് അഥവാ 0.31% കുറഞ്ഞ് 23,519.35 ലും വ്യാപാരം അവസാനിപ്പിച്ചു.

നേട്ടമുണ്ടാക്കിയ ഓഹരികൾ

വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടാറ്റ കൺസ്യൂമർ ഓഹരികളാണ്. ഇത് 2.92% ഉയർന്ന് 1002 രൂപയിൽ ക്ലോസ് ചെയ്തു. കൊട്ടക് ബാങ്ക് ഓഹരികൾ 2% നേട്ടത്തോടെ 2171 രൂപയിലെത്തി. അപ്പോളോ ഹോസ്പിറ്റൽ ഓഹരികൾ 1.92% ഉയർന്ന് 6616 രൂപയിലും ഒഎൻജിസി ഓഹരികൾ 1.74% ഉയർന്ന് 246.38 രൂപയിലും ക്ലോസ് ചെയ്തു. ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 0.89% ഉയർന്ന് 674.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

നഷ്ടം നേരിട്ട ഓഹരികൾ

വിപ്രോ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, 3.66% ഇടിഞ്ഞ് 262.25 രൂപയിലെത്തി. ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ 3.52% ഇടിഞ്ഞ് 649.85 രൂപയിലും ക്ലോസ് ചെയ്തു. ശ്രീറാം ഫിനാൻസിന്റെ ഓഹരികൾ 3.32% ഇടിഞ്ഞ് 656 രൂപയിലും സിപ്ല 2.75% ഇടിഞ്ഞ് 1442 രൂപയിലുമെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരികൾ 2.46% ഇടിഞ്ഞ് 2666 രൂപയിലാണ് ക്ലോസ് ചെയ്തത്.

മേഖലാ സൂചികകൾ

ഇന്നത്തെ വ്യാപാരത്തിൽ എഫ്എംസിജി (FMCG) മേഖലയിൽ മുന്നേറ്റം കാണാനായി. നിഫ്റ്റി എഫ്എംസിജി സൂചിക 0.59% വർധനവോടെ 53,590 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.02% നേരിയ ഇടിവിൽ 51,565 ലും നിഫ്റ്റി ഫാർമ 0.65% ഇടിഞ്ഞ് 30,282 ലും എത്തി. നിഫ്റ്റി ഓട്ടോ സൂചിക 1.03% ഇടിഞ്ഞ് 21,296 ലും നിഫ്റ്റി ഐടി സൂചിക 1.76% ഇടിഞ്ഞ് 36,886 ലും ക്ലോസ് ചെയ്തു. ഉപഭോക്തൃ ഓഹരികളിലാണ് ഇന്ന് പ്രധാനമായും വാങ്ങലുകൾ നടന്നത്.

ട്രംപിന്റെ താരിഫ് ആശങ്കയും വിപണിയിലെ ജാഗ്രതയും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ നടപ്പാക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരിൽ ജാഗ്രത വർദ്ധിപ്പിച്ചു. ഇത് ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളുടെ വിൽപ്പന സമ്മർദ്ദത്തിന് കാരണമായി. ഏപ്രിൽ 2 മുതൽ ട്രംപിന്റെ ഭരണകൂടം താരിഫ് നിയമങ്ങൾ നടപ്പിലാക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, വിദേശ നിക്ഷേപം വർധിക്കാനുള്ള സാധ്യതയും ആഭ്യന്തര വളർച്ചയിലുള്ള പ്രതീക്ഷയും വിപണിയിൽ അനിശ്ചിതത്വം നിലനിർത്തുകയും ചാഞ്ചാട്ടത്തിന് കാരണമാവുകയും ചെയ്തു. ഈ കാരണങ്ങൾകൊണ്ടെല്ലാമാണ് ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തിൽ അവസാനിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article