കഴുമരത്തിന് മുന്നിലും കുനിയാത്ത കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമാണ് കെ പി ആര്‍ ഗോപാലന്‍. ഇന്ന് കെ പി ആറിന്റെ ഓര്‍മ ദിനം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് ജനങ്ങള്‍ തൂക്കുമരത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവതേജസും ആവേശവുമാണ് കെ പി ആര്‍ ഗോപാലന്‍.
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രസരിപ്പിച്ച വിപ്ലവജ്വാല നാടിന്റെ വിമോചന സമരങ്ങള്‍ക്ക് ചൂടും ചൂരും നല്‍കി ജനശക്തിയിലൂടെ കൊലക്കയറിനെ തട്ടിമാറ്റിയ ഇതിഹാസം കുന്നത്ത് പുതിയവീട്ടില്‍ രാമപുരത്ത് ഗോപാലന്‍ ഗാന്ധിജിക്ക് യുവമനസ്സുകളെ ഇളക്കിമറിച്ച ഗോപാലന്‍ നമ്പ്യാരും പി കൃഷ്ണപിള്ളയ്ക്ക് പ്രിയങ്കരനായ ബോള്‍ഷെവിക്കുമാണ്.
ദേശീയ പ്രസ്ഥാനത്തിന്റെ വിത്തുകള്‍ മുളപൊട്ടിയ കല്യാശേരിയിലാണ് ജനനം. പട്ടിണി ജാഥ,കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിണറായി-പാറപ്രം സമ്മേളനം, മൊറാഴ സംഭവം തുടങ്ങി എണ്ണമറ്റ പോരാട്ടങ്ങളിലൂടെ കെ പി ആര്‍ വിപ്ലവജ്വാലയായി.മൊറാഴ സംഭവത്തില്‍ കെ പി ആറിന്റെ വധശിക്ഷയില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടം പിന്മാറിയത് ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു.
1997 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഈ ധീരവിപ്ലവകാരിയുടെ അന്ത്യം. തീക്ഷ്ണമായ കമ്യൂണിസ്റ്റ് ബോധവും കീഴടക്കാന്‍ കഴിയാത്ത ഇച്ഛാശക്തിയുമാണ് കെ പി ആറിനെ ചരിത്രത്തില്‍ വേറിട്ട വ്യക്തിത്വമാക്കുന്നത്.