ഇന്ന് ചിങ്ങം ഒന്ന്. മലയാളിയുടെ പുതുവര്‍ഷ പിറവി. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് കേരളക്കര.
കെട്ട കാലത്തിന്റെ കരിമേഘം മൂടി നിൽക്കുമ്പോഴും പ്രതീക്ഷകളുടെ പോക്കുവെയിൽ തുണ്ടുകൾ വീണു കിടക്കുന്ന ഇടവഴിയിൽ പൊന്നിൻ ചിങ്ങം വിരുന്നു വിളിക്കുകയാണ്.
സമാനതകളില്ലാത്ത ദുരന്തത്തിൽ പകച്ചു നിൽക്കുകയാണ് നാട് ചൂരൽ മലയിലും മുണ്ടക്കൈയിലും കണ്ണീർപ്പെയ്ത്തൊഴിഞ്ഞിട്ടില്ല. അതിജീവനത്തിൻ്റെ നാളുകളിൽ ദുരന്ത ബാധിതരെ ചേർത്തു പിടിക്കുകയാണ് കേരളം അപ്പോഴും ഗൃഹാതുര സ്മരണകൾ കതിരൊളി വീശുന്ന ഉമ്മറ പടിയിലിരുന്ന് മലയാളി പുതു വർഷത്തെ വരവേൽക്കുന്നു.
മലയാളി എന്നും ശുഭാപ്തി വിശ്വാസത്തിന്റെ പതാക വാഹകരാണ്. പൂവിളികൾ ഉയരുമ്പോൾ മനം തുടി കൊട്ടി പാടും. മാവേലി നാടിന്റെ നൻമ നിറഞ്ഞ നാളുകളെ കുറിച്ച്. ചിങ്ങം 1 കേരളക്കരക്ക് കര്‍ഷകദിനം കൂടിയാണ്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഒരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി.
ഒരുമയുടെ ഓട്ടുരുളിയിൽ കൂട്ടായ്മയുടെ വിഭവങ്ങൾ ഒരുക്കി നമുക്ക് നല്ല അയൽക്കാരാകാം. കൈകൾ കോർത്തു പിടിച്ച് നാടിനെ ചേർത്തു നിർത്തി ഐശ്വര്യത്തിന്റെ പൂക്കളങ്ങൾ ഒരുക്കാം. അങ്ങനെ നൻമ നിറഞ്ഞ മനുഷ്യനാകാം.. നല്ലൊരു മലയാളിയാകാം..