ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആകെ ഉലഞ്ഞിരിക്കുകയാണ് മലയാള സിനിമ. കാസ്റ്റിങ് കൗച്ച് പരാമര്‍ശമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്ന വിവാദങ്ങള്‍ വേറെ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കാസ്റ്റിങ് കൗച്ചിന്റെ ഉറവിടം നോക്കാം.
കാലങ്ങളുടെ പഴക്കമുണ്ട് കാസ്റ്റിങ് കൗച്ച് എന്ന വാക്കിന്. അവസരങ്ങള്‍ക്കായി സ്ത്രീകളെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാസ്റ്റിങ് കൗച്ച് കാസ്റ്റിങ്ങിന്റെ ആദ്യപ്രക്രിയയാണെന്നാണ് വെപ്പ്. അതായത് അവസരങ്ങൾക്കായി ശരീരം പങ്കുവയ്ക്കണമെന്ന അനീതിയുടെ തുടക്കം. എല്ലാവരും ഇങ്ങനെ അല്ലെങ്കിലും പ്രബലമായി തന്നെ കാസ്റ്റിങ് കൗച്ച് സിനിമ രംഗത്തുണ്ട്.
ഭാഷയും ദേശവും മാറുന്നതൊഴിച്ചാല്‍ കാസ്റ്റിങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. കാസ്റ്റിങ് ഓഫീസുകള്‍ അല്ലെങ്കില്‍ സിനിമയിലെ കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന ഓഫീസിലെ സോഫകളില്‍ നിന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്ക് ഉരുവപ്പെട്ടത്. ഒരു നിയമാവലിയിലും അവസരങ്ങൾക്കായി ഇത്തരമൊരു വാക്ക് കടന്നുകൂടിയിട്ടില്ല. നീതിക്ക് നിരക്കാത്ത തുല്യതയില്ലാത്ത വലിപ്പ ചെറുപ്പത്തിന്റെ ഭാഷ കൂടിയാണ് ഈ വാക്ക്.
1910 മുതല്‍ അമേരിക്കന്‍ വിനോദമേഖലയിലെ സ്റ്റുഡിയോ സംവിധാനത്തിന്റെ തുടക്കം മുതലാണ് കാസ്റ്റിങ് കൗച്ച് ആരംഭിച്ചത്. ഇന്ന് അമേരിക്കയിൽ ഇത് നിയമവിരുദ്ധമാണ്.സിനിമ മേഖലയിലെ പ്രമുഖരും തുടക്കക്കാരും തമ്മിലുള്ള വലിയ അന്തരത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വകാര്യതയുടെ പേരില്‍ ഒഴിവാക്കപ്പെട്ട അതിപ്രശസ്തരുടെ കാസ്റ്റിങ് കൗച്ച്.
അവസരങ്ങള്‍ നഷ്ടമാകുമെന്ന ഭയം, ഉന്നതര്‍ക്കെതിരെ വിരല്‍ചൂണ്ടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ചൂഷണത്തിനിരയാകുകയാണെന്ന അറിവില്ലായ്മ അങ്ങനെ കാസ്റ്റിങ് കൗച്ചിനെതിരെ മൗനം പാലിക്കാനുള്ള കാരണം പലതാണ്. ഇരകളാക്കപ്പെടുന്നവരോട് അതിവിടെ പതിവല്ലേ എന്ന സ്ഥിരപ്പെടുത്തല്‍ മുതല്‍ മൂടിവയ്ക്കലിന്റെ തുടക്കങ്ങളാകും.
ഇരയാക്കപ്പെട്ടവരുടെ അവസരം ഇല്ലാതാവല്‍, മാനസികമായുള്ള തകര്‍ച്ച ,മുതല്‍ കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കുന്നത് അഭിനയമോഹവുമായി സിനിമയിലെത്തുന്ന നിരവധി പെണ്‍കുട്ടികളെയാണ്. ഒപ്പം സിനിമയിലെ താരങ്ങളെല്ലാം മിന്നുന്നവരല്ലെന്ന സത്യം ഈ പകലിലും തെളിഞ്ഞുകത്തുന്നുണ്ട്. ഹേമ കമ്മിറ്റിയില്‍ ഒളിച്ചുവച്ച അതിപ്രശസ്തരുടെ പേരിനേക്കാളും വിലയുണ്ട് ഇരയാക്കപ്പെട്ട ജീവിതങ്ങള്‍ക്കെന്ന സത്യം ബാക്കിയാവുകയാണ്.