രാജ്യത്ത് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. 2018ലെ തിരഞ്ഞെടുപ്പിനു ശേഷം നിലവിലെ മുഖ്യമന്ത്രി കല്‍വകുന്ത്‌ല ചന്ദ്രശേഖര്‍ റാവു ഇപ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പ് വെല്ലുവിളിയെയാണ് ഉറ്റുനോക്കുന്നത്. നവംബര്‍ 30നാണ് തെലങ്കാന തെരഞ്ഞെടുപ്പ്.
ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയുടെ ആദ്യത്തേതും നിലവിലുള്ളതുമായ മുഖ്യമന്ത്രിയാണ് കല്‍വകുന്ത്‌ല ചന്ദ്രശേഖര്‍ റാവു. ഒരുപക്ഷെ കല്‍വകുന്ത്‌ല ചന്ദ്രശേഖര്‍ റാവു എന്നതിനേക്കാള്‍ കെസിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം അറിയപ്പെടുന്നത്.
യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ് തന്റെ രാഷ്ട്രീയ ജീവിതം കെസിആര്‍ ആരംഭിച്ചത്. പിന്നീട് 1983-ല്‍ തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. തെലങ്കാനയോട് ചന്ദ്രബാബു നായിഡു വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് 2001-ല്‍ ടിഡിപിയില്‍ നിന്ന് രാജിവച്ച റാവു തെലങ്കാന രാഷ്ട്ര സമിതി രൂപീകരിച്ചു. 1960 കളുടെ അവസാനത്തോടെ വര്‍ഷങ്ങളോളം ഉറങ്ങിക്കിടന്ന സംസ്ഥാന പ്രസ്ഥാനത്തെ റാവു പുനരുജ്ജീവിപ്പിച്ചു.
തെലങ്കാനയ്ക്ക് സംസ്ഥാന പദവി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസുമായി അദ്ദേഹം പിന്നീട് കൈകോര്‍ക്കുകയും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുകയും ചെയ്തു. 2009-ല്‍, തെലങ്കാന സൃഷ്ടിക്കുന്നതിന് 'നിരുപാധിക പിന്തുണ' നല്‍കാമെന്ന് ടിഡിപി സമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ടിഡിപിയുമായി സഖ്യമുണ്ടാക്കി. ചന്ദ്രശേഖര്‍ റാവുവിന്റെയും ടി.ആര്‍.എസ്സിന്റെയും നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്.
2014 മുതല്‍ സംസ്ഥാനത്തിന്റെ രൂപീകരണ കാലം മുതല്‍ തന്നെ സാമ്പത്തികമായും സാംസ്‌കാരികമായും ഉയര്‍ന്ന തലത്തിലുള്ള വികസനത്തിലേക്ക് തെലങ്കാന സംസ്ഥാനത്തെ കെസിആര്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ ക്ഷേമ പരിപാടികളോരോന്നും.
രോഗ്യ ലക്ഷ്മി പദ്ധതി, ഡബിള്‍ ബെഡ്റൂം ഭവന പദ്ധതി, കല്യാണ ലക്ഷ്മി - ഷാദി മുബാറക് പദ്ധതി, നവദമ്പതികള്‍ക്ക് സഹായം, ദളിത് ബന്ധു പദ്ധതി, കര്‍ഷകര്‍ക്ക് സഹായം തുടങ്ങിയവ റാവുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പുതിയ സംസ്ഥാനം പിറന്നപ്പോള്‍, കെസ്ആറിന്റെ പാര്‍ട്ടിക്ക് 17 ലോക്സഭയില്‍ 11 ഉം 119 നിയമസഭാ സീറ്റുകളില്‍ 63 ഉം ഉണ്ടായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ ശക്തമായ പ്രകടനത്തിലേക്ക് നയിച്ച കെസിആര്‍ ഇപ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പ് വെല്ലുവിളിയാണ് ഉറ്റുനോക്കുന്നത്.