ഇന്ന് ദേശീയ ക്ഷീരദിനം. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ.വര്‍ഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്. ഫിസിക്‌സും ന്യൂക്ലിയര്‍ സയന്‍സും പഠിക്കാന്‍ ആഗ്രഹിച്ച വര്‍ഗീസ് കുര്യന്‍ എന്ന കോഴിക്കോട്ടുകാരന്റെ ജീവിത നിയോഗം മറ്റൊന്നായിരുന്നു. ഉപരിപഠനം കഴിഞ്ഞെത്തിയ വര്‍ഗീസ് കുര്യനെ ഗുജറാത്തിലെ ആനന്ദ് എന്ന കുഗ്രാമത്തിലേക്കാണ് സര്‍ക്കാര്‍ നിയോഗിച്ചത്. 8മാസത്തിനുശേഷം അവിടെ നിന്ന് രാജിവെച്ചു രക്ഷപെടാന്‍ ശ്രമിച്ച വര്‍ഗീസ് കുര്യന്‍ അവിചാരിതമായാണ് ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് ക്ഷീരകര്‍ഷകരെ രക്ഷിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായി മാറിയത്.
1950ല്‍ കെയ്‌റ മില്‍ക്ക് യൂണിയന്‍ ജനറല്‍ മാനേജര്‍ ആയി ചുമതലയേറ്റ വര്‍ഗീസ് കുര്യന്‍ ആനന്ദിലെ ക്ഷീരകര്‍ഷകരുടെ ആനന്ദം നിറഞ്ഞ നാളുകള്‍ക്ക് തുടക്കമിട്ടു. ഒന്നുമില്ലായ്മയില്‍ നിന്നും വന്ന ക്ഷീരകര്‍ഷകരെ ഒരുമിച്ച് കൂട്ടി അവരെ ശക്തിപ്പെടുത്തി അമൂല്‍ എന്ന ബ്രാന്‍ഡിന് തുടക്കമിട്ടു. പാല്‍പ്പൊടിയും, കണ്ടന്‍സ്ഡ് മില്‍ക്കും വികസിപ്പിച്ചതോടെ കുത്തക ബ്രാന്‍ഡുകളോട് മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ അമൂലിനു സാധിച്ചു. കുര്യന്റെ നേതൃത്വത്തില്‍ നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. അമൂലിന്റെ വിജയ പാഠങ്ങള്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കാനും ലോകത്തിലെ ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന നേട്ടം ഇന്ത്യക്ക് കൈവരിക്കാനും സാധിച്ചു. തൊണ്ണൂറാം വയസ്സില്‍ ആയിരുന്നു ഡോ.വര്‍ഗീസ് കുര്യന്റെ വിയോഗം. അന്ത്യവിശ്രമം കൊള്ളുന്നതും ആനന്ദില്‍ തന്നെ. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.