ഇന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തം നാള്‍. മലയാളക്കര തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണ്. നാടിന്റെ ഉള്ളുലച്ച ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തിലും നല്ലൊരു നാളെയുടെ പ്രതീക്ഷയിലാണ് നാട്.
ഏറെ പറഞ്ഞിട്ടും കേട്ടിട്ടും മലയാളിക്ക് മതിവരാത്തൊരു കഥയുണ്ടെങ്കിൽ അത് ഓണ നാളുകളെ കുറിച്ചായിരിക്കും. ദാനശീലനായ ഒരു മഹാരാജാവിന്റെ പത്തര മാറ്റുള്ള പ്രജാ സ്നേഹത്തിന്റെ പാടി പതിഞ്ഞ ശീലുകളുടെ ഐതിഹ്യ പെരുമയാണത് .
ഇന്ന് മുതൽ മലയാളക്കരയാകെ കേട്ടു തുടങ്ങും ആ താളം. നാട്ടുവഴികളും നഗരവീഥികളും അണിഞ്ഞൊരുങ്ങുകയാണ്. വീട്ടുമുറ്റങ്ങൾ പൂക്കളങ്ങളാൽ നിറച്ചാർത്തണിയും.
ഉള്ളിൽ ഉരുകുന്ന നോവുമായാണ് ഈ അത്തത്തെ മലയാളി വരവേൽക്കുന്നത്. ചൂരൽമലയുടെയും മുണ്ടക്കൈയുടെയും പുഞ്ചിരി കെടുത്തിയ ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് നാട് മുക്തമായിട്ടില്ല. കണ്ണീരുപ്പുകലർന്ന റോസാദലങ്ങളാൽ മണ്ണടരിൽ മറഞ്ഞവർക്കായും മനസിൽ ഒരു പൂക്കളം തീർക്കാം..
ഓണ വിപണിയും ഉണരുകയാണ്. വസ്ത്ര- ഗൃഹോപകരണ ശാലകളിൽ തിരക്കേറുന്നു. വഴിയോര കച്ചവടക്കാർക്കും ഇത് പ്രതീക്ഷയുടെ പൂക്കാലം.
ഇനി പത്താം നാൾ തിരുവോണമാണ്. ആ കാത്തിരിപ്പിനും ഒരുക്കത്തിനും അകമ്പടിയായി മാനുഷരെല്ലാം ഒന്നായി നിന്ന കള്ളവും ചതിയുമില്ലാത്ത ഒരു മാവേലി നാടിന്റെ തുടിപ്പാട്ടുകളുണ്ട്. പുലരികളിൽ നിറയുന്ന പൂവഴകിന്റെ നിറമിഴിച്ചന്തമുണ്ട്. ആഹ്ളാദ പൂത്തിരിയുമായി നല്ലൊരു നാളെയിലേക്ക് കാൽ വെയ്ക്കാമെന്ന ആത്മവിശ്വാസത്തിന്റെ ആരുറപ്പുമുണ്ട്.