ഇന്ന് ലോക പരിസ്ഥിതി ദിനം.പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. അമേരിക്കയിലാണ് ആദ്യമായി പരസ്ഥിതി ദിനം ആചരിച്ചത്. വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
മരുഭൂവല്‍ക്കരണം, ഭൂമിയെ പുനരുജ്ജീവിപ്പിക്കുക,വരള്‍ച്ചയെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്. പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്.
എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ രണ്ട് തൈകള്‍ നട്ടതു കൊണ്ട് നമ്മുടെ കടമ തീരുന്നില്ല. ഭൂമി ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് അതിന് പരിഹാരം കണ്ടെത്തണം. ഭാവിയെ മുന്നില്‍ കണ്ട് പല പരിപാടികളും സംഘടിപ്പിക്കണം.