ഇന്ന് ലോക ഗിന്നസ് റെക്കോര്‍ഡ്സ് ദിനം. 1950 ല്‍ ഗിന്നസ് ബ്രൂവെറിയുടെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഹ്യുഗ് ബീവറിന് തോന്നിയ ആശയത്തില്‍ നിന്നാണ് ഗിന്നസ് ബുക്ക് ലോകത്തിന് മുന്നിലെത്തിയത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് അത് റെക്കോര്‍ഡ് ബുക്കുകളില്‍ രേഖപ്പെടുത്താന്‍ കഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട് നമുക്ക് ചുറ്റും.
ലോകത്തെ ഏത് റെക്കോര്‍ഡുകള്‍ ആര് ഭേദിച്ചാലും അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന ബുക്കാണ് ഗിന്നസ് ബുക്ക്. 1950 ല്‍ ഗിന്നസ് ബ്രൂവെറിയുടെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഹ്യുഗ് ബീവറിന് തോന്നിയ ആശയത്തില്‍ നിന്നാണ് ഗിന്നസ് ബുക്ക് ഉണ്ടാവുന്നത്. ഇടിഞ്ഞുകൊണ്ടിരുന്ന ഗിന്നസ് ബിയറിന്റെ മാര്‍ക്കറ്റ് എങ്ങനെ ഉയര്‍ത്താം എന്ന ചിന്തയിലായിരുന്നു ആശയത്തിന്റെ തുടക്കം.
ഗിന്നസ് എന്ന പേര് ആളുകള്‍ മന്ത്രമെന്നപോലെ ഉച്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാക്കി മാറ്റുന്നതിനുള്ള അവസരം ഹ്യുഗ് ഉണ്ടാക്കിയെടുത്തു. യൂറോപ്പിലെ ഏറ്റവും വേഗതയുള്ള പക്ഷി എന്ന ചോദ്യത്തിനുള്ള ഉത്തരമില്ലെന്ന കണ്ടെത്തലില്‍ നിന്നും ഗിന്നസ് ബിയറിന്റെ അതേ പേരില്‍ പുസ്തകമിറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
ആദ്യ പുസ്തകങ്ങളില്‍ പബ്ബുകളില്‍ നടക്കുന്ന സംവാദങ്ങളുടെയൊക്കെ ഉത്തരങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തി. ഇതിലൂടെ ഗിന്നസിന്റെ പ്രൊമോഷനായിരുന്നു മുഖ്യ ഉദ്ദേശം. 1955 ആഗസ്ത് 27 ന് ആദ്യ പുസ്തകം പബ്ലിഷ് ചെയ്തു. 198 പേജുകളുള്ള ആദ്യ പുസ്തകം വിജയം കണ്ടു.
ബൈബിളിനും ഖുറാനും ശേഷം 37 ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ട 100 മില്യണിലധികം ഡോളറുകള്‍ വിറ്റുവരവുള്ള ബെസ്റ്റ് സെല്ലെര്‍ ബുക്കായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മാറി. ഇന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഒരു ഗ്ലോബല്‍ ബ്രാന്‍ഡാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ബ്രാന്‍ഡ് അംബാസിഡര്‍മാരും, ജഡ്‌ജുമൊക്കെയായി ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ഒരു ബ്രാന്‍ഡ്.