Share this Article
News Malayalam 24x7
താനൂര്‍ ബോട്ടപകടം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം...
It's been a year since the Tanur boat accident...

താനൂര്‍ ബോട്ടപകടം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 14 കുട്ടികളടക്കം 22 പേർക്കായിരുന്നു അപകടത്തിൽ ജീവൻ നഷ്ടമായത്.അപകടത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം എങ്ങുമെത്തിയില്ല എന്ന ആരോപണവും ശക്തമാണ്.

2023 മെയ് എഴിന് വൈകിട്ട് ഏഴു മണിക്കായിരുന്നു കേരളത്തെ ഞെട്ടിച്ച ബോട്ടപകടം ഉണ്ടായത്. സര്‍ക്കാര്‍ നിര്‍ദേശം വകവയ്ക്കാതെ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടു വന്ന അറ്റ്ലാന്‍റിക് ബോട്ട് അഴിമുഖത്തോട് ചേര്‍ന്ന് പൂരപ്പഴയില്‍ മറിയുകയായിരുന്നു.

അപകടത്തിൽപെട്ടവരുടെ നിലവിളി കേട്ട് പുഴയുടെ സമീപം താമസിക്കുന്നവർ ഓടിയെതിയെങ്കിലും നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ സാധിചുള്ളു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ നിയമലംഘനവും ഔദ്യോഗിക അലംഭാവവുമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.

ബോട്ടുടമ അബ്ദുല്‍ നാസറിനെയും ലൈസന്‍സില്ലാതെ ബോട്ടോടിച്ച സ്രാങ്കിനെയും സഹായികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോട്ടിന്‍റെ രൂപമാറ്റം വരുത്തിയതു മുതല്‍ ലൈസന്‍സ് ലഭിച്ചതും സമയം കഴിഞ്ഞ് ഇരുട്ടത്ത് സര്‍വീസ് നടത്തിയതു ഉൾപ്പടെ നിരവധി നിയമലംഘനങ്ങളാണ് നടന്നത്.90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇന്നും ആരംഭിച്ചില്ല.

പൊലീസ് അറസ്റ്റു ചെയ്ത അപകടത്തിന് കാരണക്കാരായ പ്രതികള്‍ക്കെല്ലാം ഇതിനകം ജാമ്യവും ലഭിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷല്‍ കമ്മീഷന്‍റെ രണ്ടു സിറ്റിങ്ങുകള്‍ നടന്നുവെന്നല്ലാതെ അന്വേഷണം എങ്ങുമെത്തിയില്ല.

കമ്മീഷന്‍റെ മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ വിചാരണ തുടങ്ങാനാവൂ. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും  അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമായിട്ടില്ലേന്ന പരാതിയും ശക്തമാണ് .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories