ഇന്ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം. സ്വാതന്ത്ര്യാനനന്തര ഭാരതത്തെ ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം അടയാളപ്പെടുത്തുന്നതില്‍ ഇന്ദിരാ ഗാന്ധി വഹിച്ച പങ്ക് ചെറുതല്ല.
ഇന്ത്യയിലെ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിരയുടെ ജനനം. സ്വാതന്ത്ര്യസമര രംഗത്ത് മുന്‍പന്തിയിലായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും മകളായി 1917 നവംബര്‍ 19 നാണ് ഇന്ദിര ജനിച്ചത്.
സ്വാതന്ത്ര്യ സമരവുമായി ഇഴുകി ചേര്‍ന്ന കുടുംബമായതിനാല്‍ അച്ഛന്‍ ജവഹറിന്റെയോ മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവിന്റെയോ സാമീപ്യം ബാല്യകാലത്ത് ഇന്ദിര അനുഭവിച്ചിട്ടില്ല. പക്ഷേ, ജയിലില്‍ നിന്ന് ജവഹര്‍ലാല്‍ മകള്‍ക്ക് നിരന്തരം കത്തുകളെഴുതിയിരുന്നു.
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തമായ ആ അക്ഷരക്കൂട്ടുകള്‍ പറയും ആ കാലഘട്ടത്തിന്റെ ചരിത്രം. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്‌റു ചുമതലയേറ്റു. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആവേശവുമായി ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് കടന്നു വന്നു.
പിതാവിന്റെ സഹായിയായി ഒപ്പം നിന്ന് ഭരണത്തിന്റെ സര്‍വ മേഖലകളിലും ഇന്ദിര അവഗാഹം നേടി. 1959-60 ല്‍ അവര്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964 ല്‍ നെഹ്‌റു അന്തരിച്ചു. ഇന്ദിര രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. താഷ്‌ക്കെന്റില്‍ വെച്ച് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരണമടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി ചുമതലയേറ്റു.
ദേശവ്യാപകമായ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമായിരുന്നു ഭരണരംഗത്ത് ഇന്ദിരയെ കാത്തിരുന്ന ആദ്യ വെല്ലുവിളി. ധീരമായ ഭരണനടപടികളിലൂടെ ആ വെല്ലുവിളി അവര്‍ ഏറ്റെടുത്തു. ആ ഭരണ പരിഷ്‌ക്കാരങ്ങളില്‍ എടുത്തു പറയാവുന്ന ഒന്നാണ് ബാങ്കുകളുടെ ദേശസാത്ക്കരണം. ഇതിലൂടെ ബാങ്കിംഗ് മേഖല സാധാരണക്കാരന് പ്രാപ്യമായി തീര്‍ന്നു.
1969 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥി വി.വി.ഗിരി വിജയം കണ്ടു. തുടര്‍ന്ന് 1971 ലെ പൊതു തിരഞ്ഞെടുപ്പ്. ഗരീബി ഹഠാവോ അഥവാ ദാരിദ്ര്യത്തെ ചെറുക്കുക എന്ന ഇന്ദിരയുടെ മുദ്രാവാക്യം ഇന്ത്യയുടെ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ ആഞ്ഞടിച്ചു. വന്‍ ഭൂരിപക്ഷത്തോടെ ഇന്ദിരാ ഗാന്ധി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം ഇന്ദിരാ ഗാന്ധിയിലെ കരുത്തുറ്റ ഭരണാധികാരിയെ ലോകത്തിന് കാണിച്ചു കൊടുത്തു. യുദ്ധത്തില്‍ ഒരു ലക്ഷത്തോളം പാക് സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു.
പൊക്രാനില്‍ ആണവപരീക്ഷണം നടത്താന്‍ അനുമതി നല്‍കിയ ഇന്ത്യയുടെ ഉരുക്കു വനിത രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കും അടിയറവ് വെയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു.
ഈ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്കിടയിലാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള നാളുകളില്‍ ഇന്ദിരാ ഗാന്ധി ഏറെ പീഡനങ്ങള്‍ അനുഭവിച്ചു. അറസ്റ്റും ജയില്‍ വാസവും ഒക്കെയായി സംഘര്‍ഷഭരിതമായ നാളുകള്‍.
പക്ഷേ, എല്ലാ തിരിച്ചടികളെയും നേരിട്ട് 1980 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ശക്തമായി തിരിച്ചു വന്നു. പഞ്ചാബിലെ ഖലിസ്ഥാന്‍ പ്രക്ഷോഭവും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും തുടര്‍ന്നുള്ള നാളുകളില്‍ രാജ്യത്ത് അശാന്തി പടര്‍ത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തി പിടിക്കാന്‍ തന്റെ അവസാന തുള്ളി രക്തം വരെ ചിന്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ ശക്തമായി നേരിട്ടു. പകരം അവര്‍ക്ക് ബലി നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയാണ്.
1984 ഒക്‌ടോബര്‍ 31 ന് അംഗരക്ഷകരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഞെട്ടറ്റു വീണ ഒരു ചെമ്പനീര്‍പൂ പോലെ ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു ആ ഓര്‍മകള്‍ക്ക് മുന്നില്‍ കൊളുത്തുന്ന ഓരോ ദീപവും പ്രകാശഭരിതമായ നല്ലൊരു നാളെയിലേക്കുള്ള ചുവടു വെയ്പ്പുകളാണ്.