ഇന്ന് നവംബര്‍ 16 ദേശീയ പത്രദിനം. ഈ ദിനം പത്രങ്ങളുടെ സ്വാതന്ത്ര്യം, കടമകള്‍ എന്നിവ ഓര്‍മിപ്പിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നായാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ നേരിടുന്ന ഏത് അനീതിയും വെളിച്ചത്തുകൊണ്ടുവരികയും സമൂഹ വ്യവസ്ഥിതിയിലെ അപചയം ഉയര്‍ത്തിക്കാട്ടുകയുമാണ് പത്രങ്ങളുടെ ലക്ഷ്യവും കടമയും. 1966 നവംബര്‍ 16 നാണ് ജസ്റ്റിസ് ജെ.ആര്‍.മുധോല്‍ക്കറുടെ കീഴില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിക്കപ്പെടുന്നത്.
പത്രങ്ങളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ടിംഗിന്റെ ഗുണനിലവാരം പരിശോധിക്കുകയുമായിരുന്നു കൗണ്‍സിലിന്റെ ലക്ഷ്യം. മാധ്യമങ്ങള്‍ ഏതെങ്കിലും സ്വാധീനത്തിനോ ബാഹ്യസമ്മര്‍ദങ്ങള്‍ക്കോ വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് പിസിഐയുടെ പ്രധാന കടമ. ജൂലൈ നാലിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിതമായതിന് ശേഷം നവംബര്‍ 16 മുതല്‍ പ്രവര്‍ത്തനള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ വര്‍ഷവും നവംബര്‍ 16-ന് കൗണ്‍സില്‍ സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായി ദേശീയ പത്രദിനമായി ആചരിച് വരികയാണ്.
ദൃഢമായ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് ഉത്തരവാദിത്തവും നിഷ്പക്ഷവുമായ മാധ്യമങ്ങള്‍ അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ദേശീയ പത്രദിനം. പത്രദിനാചരണത്തിന്റെ ഭാഗമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വിവിധ സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും രാജ്യമൊട്ടാകെ സംഘടിപ്പിക്കാറുണ്ട്. മാധ്യമങ്ങള്‍ അതിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്നും ജനാധിപത്യ ഭരണത്തിന്റെ അവിഭാജ്യ ഘടകമായി എന്നും നിലനില്‍ക്കുമെന്നും ഇത് ഉറപ്പാക്കുന്നു.