ഇന്ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം. കായികയിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത്.
ആയിരക്കണക്കിന് കായികതാരങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രശസ്ത അന്താരാഷ്ട്ര കായിക ഇനമാണ് ഒളിമ്പിക്‌സ്. കായിക താരങ്ങളെ സംബന്ധിച്ച് ഒളിമ്പിക്സില്‍ മെഡല്‍ നേടുക എന്നതാണ് ഏറ്റവും വലിയ സ്വപ്‌നം. ഒളിമ്പിക്സിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുകയും
കായികമേഖലയില്‍ സമൂഹത്തിന് പ്രചോദനം നല്‍കുകയുമാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ലക്ഷ്യം. 1894 ജൂണ്‍ 23-ന് പാരീസില്‍ ബാരന്‍ പിയറി ഡി കൂബര്‍ട്ടിന്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു.
തുടര്‍ന്ന് ഗ്രീസിലെ ഏഥന്‍സില്‍ 14 രാജ്യങ്ങള്‍ പങ്കെടുത്ത ആദ്യത്തെ ആധുനിക ഒളിമ്പിക് ഗെയിംസിന് ഇത് കാരണമായി. കായികം, ആരോഗ്യം, അന്താരാഷ്ട്ര ഐക്യം എന്നിവ ആഘോഷിക്കുന്നതിനാണ് ഒളിമ്പിക് ദിനം. സ്പോര്‍ട്സിലൂടെ ഒരു മികച്ച ലോകത്തെ തന്നെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഓര്‍മപ്പെടുത്തുന്ന ദിവസം കൂടിയാണ്. അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന് എല്ലാ വര്‍ഷവും ഓരോ പ്രമേയമുണ്ട്.
ലെറ്റ്‌സ് മൂവ് ആന്റ് സെലബ്രേറ്റ് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ദേശീയ ഒളിമ്പ്യന്‍ അസോസിയേഷനുകളും ഒളിമ്പ്യന്‍മാരും പ്രത്യേക പരിപാടികല്‍ സംഘടിപ്പിക്കുന്നു.