തണ്ണിമത്തന് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്ന് ദേശീയ തണ്ണിമത്തന്‍ ദിനം.വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളില്‍ ഏറ്റവും പ്രചാരമേറിയതാണ് തണ്ണിമത്തന്‍.ഓഗസ്റ്റ് മൂന്നിനാണ് തണ്ണമത്തന്‍ ദിനമായി ആചരിക്കുന്നത്.അമേരിക്കയിലാണ് തണ്ണിമത്തന്‍ ദിനം ആദ്യമായി ആചരിക്കാന്‍ തുടങ്ങിയത്.
മലബാര്‍ ഭാഗങ്ങളില്‍ വത്തക്ക എന്ന പേരിലാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്.ചെങ്കുമ്മട്ടി,കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.വെള്ളരിവര്‍ഗവിളയായ തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയാണ്.ബി സി രണ്ടായിരം മുതല്‍ തണ്ണീര്‍ മത്തന്‍ ജനപ്രിയ ഭക്ഷണമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വന്‍തോതില്‍ തണ്ണിമത്തന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.മറ്റ് വെള്ളരിവര്‍ഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്.തണ്ണിമത്തന്റെ ഉള്‌ളിലെ ചുവന്ന ഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.
മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോട് ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നത് മാത്രം മുറിച്ചെടുത്ത് കഴിക്കുന്നവരാണ് കൂടുതലും.എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്.ഇത് കൂട്ടിവേണം കഴിക്കാന്‍.ഇങ്ങനെ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും.തണ്ണിമത്തന്റെ തൊണ്ടോടുചേര്‍ന്ന വെള്ളനിറത്തിലുള്ള ഭാഗം കഴിക്കുന്നത് കിഡ്‌നിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും.
ഹൈ ബി.പി ഉള്ളവര്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ബി.പി നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഗമമാക്കാനും ഗുണകരമാണ്.മുഖസൗന്ദര്യത്തിനും ഉത്തമമാണ് തണ്ണിമത്തന്‍.ഇതില്‍ 99 ശതമാനവും വെള്ളമാണ്.അത് ചര്‍മത്തിന് ഏറ്റവും മികച്ചതാണ്.വാടിയ ചര്‍മത്തിന് നവോന്മേഷം പകരാന്‍ തണ്ണിമത്തന് കഴിയും.തണ്ണിമത്തന്‍ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും മുഖത്ത് തേക്കുന്നതും ചര്‍മത്തിന് നല്ലതാണ്.
തണ്ണിമത്തന് പറയാന്‍ ചില വിചിത്ര കഥകളുമുണ്ട്.തണ്ണിമത്തന്റെ വിത്ത് വറുത്തത് കൊറിച്ചുകൊണ്ടിരിക്കുകയെന്നതാണ് വിയറ്റ്‌നാമുകാര്‍ പുതുവര്‍ഷപ്പുലരിയില്‍ ചെയ്യുന്ന മഹത്തരമായ കാര്യം.അമേരിക്കയിലെ ഒക്ലഹാമ സ്റ്റേറ്റ് 2007 ഏപ്രില്‍ 17ന് തണ്ണിമത്തന്‍ തങ്ങളുടെ ദേശീയ പച്ചക്കറിയായി പ്രഖ്യാപിച്ചു.ഉടനെ തുടങ്ങി പ്രതിപക്ഷബഹളം.തണ്ണിമത്തന്‍ ഒരു പച്ചക്കറിയാണോ പഴമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണോ നാട് ഭരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ വിള വ്യാപകമായി കൃഷി ചെയ്തുവരുന്നത്