ഇന്ന് ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് 81 വയസ്സ്. ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള മോചനത്തിന് വേണ്ടിയുള്ള ഇന്ത്യക്കാരുടെ പോരാട്ടത്തിനുള്ള ഗതി മാറ്റിയ ദിനം കൂടിയാണിന്ന്.
1942 ഓഗസ്റ്റ് മാസത്തിലെ ദിനരാത്രങ്ങള്‍ ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ സൂക്ഷിച്ച് വെയ്‌ക്കേണ്ടതാണ്. മഹാത്മഗാന്ധിയുടെ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ഓരോ ഭാരതീയനും പകര്‍ന്നു നല്‍കിയ പോരാട്ട വീര്യം ചെറുതൊന്നുമായിരുന്നില്ല. 1857 ലെ ഒന്നാം സ്വാതന്ത്യസമരത്തിനു ശേഷമുണ്ടായ വന്‍ ജനമുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തിലെ വിസ്മരിക്കാന്‍ കഴിയാത്ത ത്രസിപ്പിക്കുന്ന സമരകാഹളം മുഴങ്ങിയ പോരാട്ടം തന്നെയായിരുന്നു ക്വിറ്റ് ഇന്ത്യ സമരം.
ആഗസ്റ്റ് 8 ന് ബോംബൈയിലെ മലബാര്‍ ഹില്ലില്‍ അഖിലേന്ത്യ കോണ്‍ഗ്രസിന്റെ സുപ്രധാന യോഗം ചേര്‍ന്നു. നിസഹകരണ പ്രസ്ഥാനം ആരംഭിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ബോംബൈ സമ്മേളനം. സ്റ്റഫോര്‍ഡ് ക്രിപ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടുകൂടിയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് അരങ്ങൊരുങ്ങിയത്.
ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്‌കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അതേവേദിയില്‍ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന മുദ്രാവാക്യം പിറവിയെടുത്തത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.
സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ 'അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.
വെടിവെപ്പും ലാത്തിച്ചാര്‍ജ്ജും കൂട്ടപ്പിഴ ചുമത്തലും സര്‍വ്വ സാധാരണമായി. ആയിരക്കണക്കിന് പേരാണ് മരിച്ചു വീണത്. മരിച്ചവരില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 10 ന് പട്‌ന നഗരത്തില്‍ നടന്ന വെടിവെപ്പില്‍ ഏഴ് ധീര വിദ്യാര്‍ഥികളാണ് നാടിന്റെ സ്വാതന്ത്യത്തിനായി പിടഞ്ഞു വീണത്.
പിറന്ന നാടിന്റെ സ്വാതന്ത്യത്തിനായി വീരമൃത്യു വരിച്ച ആ ധീരര്‍ക്ക് രാജ്യം സമര്‍പ്പിച്ച നിത്യസ്മാരകമാണ് പട്‌നയിലെ രക്തസാക്ഷി സ്മാരകം. യുദ്ധത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ജനലക്ഷങ്ങള്‍ നെഞ്ചുവിരിച്ച പോരാടിയ ക്വിറ്റ് ഇന്ത്യാ സമരം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്കുള്ള നമ്മുടെ യാത്രയിലെ സുവര്‍ണ അധ്യായമാണ്.