ഇന്ന് ലോക അവയവദാന ദിനം. എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ലോക അവയവ ദാന ദിനമായി ആചരിച്ച് വരുന്നു. ഈ ദിനത്തിൽ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഒരാൾ അവയവങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ എട്ട് പേരുടെ ജീവനാണ് സംരക്ഷിക്കുവാന്‍ കഴിയുക. അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും ആളുകളിൽ പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.
ഇത്തരം തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുവാനും അവയവ ദാനം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുവാനും അവരെ അതിനു വേണ്ടി പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
1954-ല്‍ ഡോക്ടര്‍ ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. 1990 -ൽ ഡോക്ടർ ജോസഫ് മുറേയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയിൽ നേട്ടം കൈവരിച്ചതിന് ഫിസിയോളജി, മെഡിസിൻ എന്നിവയ്ക്കുള്ള നോബൽ സമ്മാനം ലഭിച്ചു.
റൊണാൾഡ് ലീ ഹെറിക് ആണ് ആദ്യത്തെ അവയവ ദാതാവ്.
അവയവം ദാനം ചെയ്യുന്നയാൾ പൂർണ ആരോഗ്യവനായിരിക്കണം.18 വയസിന് താഴെയുള്ളവർ തങ്ങളുടെ രക്ഷിതാക്കളുടെ സമ്മതത്തോട് കൂടി മാത്രമേ അവയവ ദാതാവായി മാറുവാന്‍ കഴിയുകയുള്ളൂ. ദാനത്തിന് തയ്യാറാവുന്ന വ്യക്തി മറ്റാരുടെയും നിര്‍ബന്ധത്താലല്ലാതെ സ്വമനസ്സാലെ വേണം ചെയ്യാൻ.
അര്‍ബുദം, എച്ച് ഐ വി, പ്രമേഹം, വൃക്കരോഗം അല്ലെങ്കില്‍ ഹൃദ്രോഗം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് അവയവദാനം നടത്താനാകില്ല.