ആത്മീയ ആചാര്യന്‍ സ്വാമി ചിന്മയാനന്ദന്‍ കേരളത്തിന്റെ അഭിമാനമാണ്.ഇന്ന് സ്വാമി ചിന്മയാനന്ദന്‍ സമാധി ദിനം. വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് സ്വാമി ചിന്മയാനന്ദന്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.
അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. ഭഗവദ്ഗീത,ഉപനിഷത്തുകള്‍ തുടങ്ങി ഭാരതീയ ദര്‍ശനങ്ങളുടെ ആധികാരിക വ്യാഖ്യാതാവും പ്രചാരകനുമായിരുന്നു സ്വാമി.
ആത്മീയ പ്രബോധനത്തിനും പുനരുദ്ധാരണത്തിനുമായി 42 കൊല്ലത്തോളം സ്വാമികള്‍ അക്ഷീണ പ്രയത്‌നം നടത്തി. ചിന്മയാനന്ദസ്വാമികളുടെ ഭാഷ,അവതരണശൈലി,യുക്തിബോധം എന്നിവ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഹൃദിസ്ഥമായിരുന്നു. അതുകൊണ്ടാണ് ചിന്മയാനന്ദന്റെ ഗീതാപ്രഭാഷണവും ഗീതാജ്ഞാന യജ്ഞവും കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നത്.ഭഗവദ്ഗീതയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സ്വാമി ചിന്മയാനന്ദനാണ്.
ചിന്മയാമിഷന്റെ സ്ഥാപകനായ സ്വാമികള്‍ വേദാന്തത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം ലളിതമായി അവതരിപ്പിച്ചു.ഭാരതീയ ദര്‍ശനത്തെയും സംസ്‌കൃതിയെയും കുറിച്ച് മുപ്പതിലേറെ പുസ്തകങ്ങള്‍ ചിന്മയാനന്ദന്‍ എഴുതി.ഓരോന്നും മാസ്റ്റര്‍പീസുകളായിരുന്നു. ജേര്‍ണി ഓഫ് എ മാസ്റ്റര്‍-സ്വാമി ചിന്മയാനന്ദ എന്നപേരില്‍ ചിന്മയമിഷന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദന് ലഭിച്ച പദവി പിന്നീട് സ്വാമി ചിന്മയാനന്ദനും ലഭിച്ചു.ചിക്കാഗോയിലെ ലോകമത പാര്‍ലമെന്റില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ അധ്യക്ഷനായി ചിന്മയാനന്ദനെ തെരഞ്ഞെടുത്തു.അമേരിക്കന്‍-ഏഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ ഫിലോസഫിയുടെ വിസിറ്റിംഗ് പ്രൊഫസറായും സ്വാമി ചിന്മയാനന്ദന്‍ പ്രവര്‍ത്തിച്ചു.1916 മെയ് 8 ന് എറണാകുളത്ത് ജനിച്ച ചിന്മയാനന്ദ സ്വാമികള്‍ 1993 ഓഗസ്റ്റ് മൂന്നിന് ഇഹലോകവാസം വെടിഞ്ഞു.