Share this Article
News Malayalam 24x7
ഇന്ന് നെല്‍സണ്‍ മണ്ടേലയുടെ പത്താം ചരമവാര്‍ഷികം
Today is Nelson Mandela's 10th death anniversary

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ദശകങ്ങളോളം തടവറയ്ക്കുള്ളില്‍ കഴിയേണ്ടിവന്ന ദക്ഷിണാഫ്രിക്കയുടെ അതികായനായ നേതാവ് .അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ വിമോചന പോരാട്ടത്തിന് ഊര്‍ജം നല്‍കിയ നെല്‍സണ്‍ മണ്ടേലയുടെ പത്താം ചരമവാര്‍ഷികമാണിന്ന് .

1918 ജൂലൈ 18ന് ദക്ഷിണാഫ്രിക്കയിലെ തെമ്പു ഗോത്രത്തിലെ രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്.മിഷനറി സ്‌കൂളിലെ ഒരധ്യാപകനാണ് മണ്ടേലയുടെ പേരിനൊപ്പ്ം നെല്‍സണ്‍ എന്നു കൂടി ചേര്‍ക്കുന്നത്.ബിരുദപഠനകാലത്താണ് മണ്ടേല വര്‍ണ്ണവിവേചനത്തെക്കുറിച്ചറിയുന്നതും അതിനെതിരെ പോരാടാനുറപ്പിക്കുന്നതും.ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കെത്തി.പാര്‍ട്ടിയുടെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു മണ്ടേല.സംഘടനയോടൊപ്പം സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും  ഗറില്ല യുദ്ധം നടത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്ത കുറ്റത്തിനാണ് 1964ല്‍ മണ്ടേല തടവിലാകുന്നത്.തുടര്‍ന്ന് റോബന്‍ ജയിലില്‍ തുടങ്ങി വിവിധ ജയിലുകളിലായി 27 വര്‍ഷം.

വെളുത്തവര്‍ഗക്കാരുടെ മേധാവിത്വത്തെ തുടച്ചുമാറ്റാനുള്ള നിശ്ചയദാര്‍ഢ്യം അക്കാലയളവില്‍ മണ്ടേലയ്ക്ക് കരുത്തേകി.1990ല്‍ ജയില്‍ മോചിതനായ മണ്ടേലയ്ക്ക് ലോകം വലിയ വരവേല്‍പു നല്‍കി.ഭാരതരത്‌നം എന്ന നല്‍കി ഇന്ത്യയും ഫ്രീഡം മെഡല്‍ നല്‍കി അമേരിക്കയും അദ്ദേഹത്തെ ആദരിച്ചു.കറുത്ത വര്‍ഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പോരാട്ടങ്ങള്‍ക്കായി സമാധാനത്തിനുള്ള നോബേലും അദ്ദേഹത്തെ തേടിയെത്തി.തുടര്‍ന്ന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ടേല ,ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റായി. തന്റെ യുവത്വം മുഴുവന്‍ മനുഷ്യവിമോചനത്തിനായി പോരാടാന്‍ നീക്കി വച്ച മണ്ടേല 95 ആം വയസ്സിലാണ് രോഗബാധിതനായി ലോകത്തോട് വിട പറയുന്നത്.ഒരു ജയില്‍ക്കുപ്പായത്തില്‍ തളച്ചിടാമെന്ന് വെള്ളക്കാര്‍ വ്യാമോഹിച്ച നെല്‍സണ്‍ റോളിഹ്ലാല മണ്ടേല ദക്ഷിണാഫ്രിക്കയുടെ കരുത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതീകമായി നിലകൊള്ളും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories