Share this Article
News Malayalam 24x7
'വിട്ടുതരില്ല, വിട്ടുതരില്ല'.....മധ്യപ്രദേശില്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ശിവരാജ് സിംഗ് ചൗഹാന്‍
Madhya Pradesh Election 2023; Shivaraj Singh Chauhan and BJP

മധ്യപ്രദേശില്‍ നാലാം തവണയും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. അധികാരം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഒപ്പം ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രി കസേരയില്‍ തുടരാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസും ബിഎസ്പിയും അടക്കം എല്ലാ മുന്‍നിര പാര്‍ട്ടികളും പൊടിപാറും പോരാട്ടത്തിന് തയ്യാറെടുക്കയാണ്. എന്നാല്‍ മൊത്തം കണ്ണുകളും മധ്യപ്രദേശിലേക്ക് ഉറ്റുനോക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ കൂടി ഉയരുന്നുണ്ട്. അതില്‍ പ്രധാനമാണ് ആരായിരിക്കും ബിജെപിയുടെ മഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നുള്ളത്.

16 വര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന ശിവരാജ് സിംഗ് ചൗഹാന് തന്നെ ഇത്തവണയും നറുക്ക് വീഴുമോ? ഭരണ വിരുദ്ധ വികാരം ഉയരുമ്പോള്‍ നാലാം തവണയും വിജയിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.... 

പതിമൂന്നാം വയസില്‍ ആര്‍എസ്എസില്‍ ചേക്കേറിയ ചൗഹാന്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ആരോപണങ്ങള്‍ നേരിട്ടിട്ടും പാര്‍ട്ടി വിട്ടിട്ടില്ല. ആ പരിഗണന ചൗഹാന് എന്നും പാര്‍ട്ടിയില്‍ ലഭിക്കാറുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നും പോരാട്ടങ്ങളില്‍ പങ്കെടുത്തും വ്യക്തമായ രാഷ്ട്രീയ അടിത്തറ ഉണ്ടാക്കി ശിവരാജ് സിംങ് ചൗഹാന്‍. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും കല്ലുകടിയാണെങ്കിലും മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടു പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് ചൗഹാന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര തന്നെയാണ് ചൗഹാന് ആ ആത്മവിശ്വാസം പകരുന്നതും... 

ഭോപ്പാലില്‍ പഠിക്കുന്ന സമയത്താണ് ചൗഹാന് രാഷ്ട്രീയത്തില്‍ അഭിനിവേശം ഉണ്ടാകുന്നത്. ആ ഇഷ്ടം 1975 ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി. പിന്നീട് ആര്‍എസ്എസ് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അന്ന് വെറും 13 വയസ്സ് മാത്രമായിരുന്നു ചൗഹാന്റെ പ്രായം. ഇവിടെ നിന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ എന്ന് രാഷ്ട്രീയക്കാരന്‍ ജനിക്കുന്നത്. 

ഭോപ്പാലിലെ ബര്‍കത്തുള്ള സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പഠിക്കുമ്പോഴും ചൗഹാന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1990-ല്‍, ബുധ്‌നി മണ്ഡലത്തില്‍ നിന്ന് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. അതേ വര്‍ഷം അദ്ദേഹം വിദിഷ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 

2005 നവംബര്‍ 29 ന് ബാബുലാല്‍ ഗൗര്‍ രാജിവച്ചതോടെ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്  മുഖ്യമന്ത്രിയാകാന്‍ സാധിച്ചു. എന്നാല്‍ ചൗഹാന്റെ ആ വരവ് വെറുതെയായില്ല. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഹിന്ദി ഹൃദയ ഭൂമിയില്‍ കസേരയിട്ടിരിക്കാനുള്ള ഭാഗ്യം ചൗഹാന് ലഭിച്ചു.

ജനഹൃദയം കീഴടക്കിയ ചൗഹാന്‍ 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. അങ്ങനെ രണ്ടാം തവണയും ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് 2013ലെ അങ്കത്തിലൂടെ ഹാട്രിക് വിജയം നേടി ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. എന്നാല്‍ 2018ല്‍  കോണ്‍ഗ്രസിന്റെ ശക്തമായ പോരാട്ട തന്ത്രം ചൗഹാന് തിരിച്ചടിയായി. എന്നിരുന്നാലും കാലം ചൗഹാനൊപ്പമായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥുമായുള്ള പടലപ്പിണക്കങ്ങള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചു. 22 എംഎല്‍എമാരുടെ കൂറുമാറ്റത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പതിച്ചു. 2020 മാര്‍ച്ച് 20 ന്, കമല്‍ നാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നു. ഇതോടെ 2020 മാര്‍ച്ച് 23 ന് ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആ ആത്മവിശ്വാസത്തിലാണ് ചൗഹാന്‍ ഇത്തവണയും തനിക്ക് വളക്കൂറുള്ള ബുധ്‌നി മണ്ഡലത്തില്‍ മത്സരിക്കുന്നത്. 2003 മുതല്‍ ബിജെപിയുടെ അഭേദ്യമായ കോട്ടയായി മാറിയ ബുധ്‌നി മണ്ഡലത്തില്‍ ശിവരാജ് സിംഗ് ചൗഹാന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഡിസംബര്‍ മൂന്നിന് പെട്ടി പൊട്ടിക്കുമ്പോള്‍ ഇത്തവണവും കാവിക്കൊടിപാറുമെന്നാണ് അഭിപ്രായ സര്‍വ്വേകളും പറയുന്നത്. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article