ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആക്രമണങ്ങളിലൊന്നാണ് പേള്‍ ഹാര്‍ബര്‍ ആക്രമണം. രണ്ടാം ലേക മഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ച പോരാട്ടത്തിന് ഇന്ന് 82 വയസ്സ്.
1941 ഡിസംബര്‍ ഏഴ്, ഹവായിയിലെ ഒവാഹു ദ്വീപിലെ നാവിക താവളത്തില്‍ സൈനികര്‍ വിശ്രമിക്കുമ്പോഴാണ്, 360ഓളം ജാപ്പനീസ് വിമാനങ്ങള്‍ ഹാര്‍ബറിന് മുകളില്‍ വട്ടമിട്ട് പറന്നത്. തൊട്ടടുത്ത നിമിഷം യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. കൃത്യമായ ആസൂത്രണത്തോടെ ജപ്പാന്‍ നടത്തിയ പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ അമേരിക്ക അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു. അമേരിക്കയുടെ അഭിമാനമായിരുന്ന കൂറ്റന്‍ പടക്കപ്പല്‍ അരിസോണ കടലാസ് തോണിപോലെ പസഫിക് സമുദ്രത്തില്‍ മുങ്ങിപ്പോയി. ജാപ്പനീസ് സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
സൈനീകരും സാധാരണക്കാരും ഉള്‍പ്പടെ 2403പേര്‍... അമേരിക്കന്‍ റിപ്പോര്‍ട്ട് പ്രകാരം ആക്രമണം നടന്നത് മൂന്ന് തവണ. മൂന്നാം ബോബാക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പതറിയ ജപ്പാന്‍ പിന്‍വാങ്ങി. ജപ്പാനെ പ്രതിനിധീകരിച്ച് പല നയതന്ത്രജ്ഞരും അമേരിക്കയുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. മുറിവേറ്റ സിംഹത്തെ പോലെ അവസരത്തിനായി കാത്തിരുന്ന അമേരിക്കയുടെ പ്രതികാരമായിന്നു. 1945 ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളില്‍ ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആകാശത്ത് നിന്നും പെയ്തിറങ്ങിയ തീമഴ.