ഇന്ന് ദുഃഖവെള്ളി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നത്. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടക്കും.
ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. ദു:ഖവെള്ളി ദിനത്തിലാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്.
ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും.
പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ നടക്കുക. മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താ മലമുകള്‍ വരെ കുരിശ് വഹിച്ചുകൊണ്ടുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴിയിൽ നടക്കും.
വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തും.