1971-ലെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ മിന്നായം പോലെ മിന്നി മറിഞ്ഞ പി.ഐ മുഹമ്മദ് കുട്ടിയെ മലയാളത്തിന്റെ മമ്മൂക്കയാക്കിയത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്ത് സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു.1951 സെപ്റ്റംബര്‍ ആറിന് കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ച പി.ഐ മുഹമ്മദ് കുട്ടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്.
തോപ്പില്‍ ഭാസി തിരക്കഥയെഴുതി കെ.എസ് മാധവന്‍ സംവിധാനം ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലൂടെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് മമ്മൂക്ക പ്രത്യക്ഷപ്പെട്ടത്. അനുഭവങ്ങള്‍ പാളിച്ചകളില്‍ ക്യാമറയ്ക്കു മുന്നില്‍ വന്നെങ്കിലും സംഭാഷണമുള്ള വേഷം ലഭിക്കുന്നത് 1973-ല്‍ പുറത്തിറങ്ങിയ 'കാലചക്രം' എന്ന ചിത്രത്തില്‍.
1980-ല്‍ പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ ഒരു മുഴുനീള വേഷം ലഭിച്ച മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കുടുംബനാഥനായും, അധ്യാപകനായും, മാധ്യമപ്രവര്‍ത്തകനായും, രാഷ്ട്രീയക്കാരനായും, കൂലിത്തൊഴിലാളിയായും, പൊലീസുകാരനായും, സാഹിത്യകാരനായും, ചരിത്ര പുരുഷനായും അഭ്രപാളിയില്‍ തിളങ്ങിയ നാനൂറിലേറെ കഥാപാത്രങ്ങള്‍.
മമ്മൂക്കയുടെ ഭാസ്‌കര പട്ടേലറും പൊന്തന്‍മാടയും വൈക്കം മുഹമ്മദ് ബഷീറും, ചന്തുവും പഴശ്ശിരാജയും സാക്ഷാല്‍ ബി.ആര്‍ അംബേദ്കറുമെല്ലാം പ്രേക്ഷകനെ പിടിച്ചിരുത്തി. തന്റെ മാനറിസങ്ങളെ മാറ്റിവച്ച് കഥാപാത്രങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന മമ്മൂട്ടി, എന്നും അഭിനയലോകത്തിന് അത്ഭുതമാണ്. ആള്‍ക്കൂട്ടങ്ങളില്‍ ആരുമല്ലാതാകുന്ന ഡാനിയും, പ്രേക്ഷകനെ കരയിപ്പിച്ച പുട്ടുറുമീസും, പിതൃസ്‌നേഹത്തിന്റെ കഥ പറഞ്ഞ അച്ചൂട്ടിയും ജന്മിത്വത്തിന്റെ ക്രൂരമുഖമായ ഭാസ്‌കര പട്ടേലരുമെല്ലാം മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരുന്നു.
1987-ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം 'ന്യൂ ഡല്‍ഹി'യാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രങ്ങളിലൊന്നായിരുന്നു ജികെ കൃഷ്ണമൂര്‍ത്തി.
പ്രായം വെറും അക്കങ്ങള്‍ മാത്രമാകുന്നത് മമ്മൂട്ടിയുടെ കാര്യത്തിലാണ്. തന്റെ എഴുപത്തിരണ്ടാം വയസിലും തന്നിലെ കലാകാരനെ അയാള്‍ തേച്ചു മിനുക്കുകയാണ്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി അതിന്റെ മനശാസ്ത്രവും ഭൂമിശാസ്ത്രവും ഭാഷയുമെല്ലാം തേടി അന്വേഷണങ്ങളില്‍ മുഴുകുന്ന ഈ നടനു മുന്നില്‍ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍.