ഇന്ന് ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം. ഹൈലിംഗ് ഹാന്‍ഡ്സ്, കെയറിംഗ് ഹാര്‍ട്ട്സ്' എന്നതാണ് ഇത്തവണത്തെ ഡോക്ടേഴ്സ് ദിന സന്ദേശം.
ഏത് സാഹചര്യത്തിലും തങ്ങളുടെ കടമകള്‍ നിറവേറ്റുകയും രോഗികള്‍ക്ക് മികച്ചതും നിസ്വാര്‍ഥവുമായ സേവനം നല്‍കുകയും ചെയ്യുന്നവരാണ് ഡോക്ടര്‍മാര്‍. സമൂഹത്തിന്റെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള ദിനമാണ് ഇന്ന്.
1991 മുതലാണ് ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദന്‍ ചന്ദ്ര റോയിയുടെ ഓര്‍മ്മയ്ക്കായാണ് ഡോക്ടേഴ്സ് ദിനം. പഞ്ചാബിന്റെ ശില്പിയെന്നും അദ്ദേഹം അറിയപ്പെടുന്നു. ബി.സി റോയിയുടെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്.
1991 ലാണ് കേന്ദ്രസര്‍ക്കാര്‍ ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആതുര ശുശ്രൂഷ രംഗത്ത് ജീവന്‍ പോലും പണയം വെച്ച് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഓരോ ഡോക്ടര്‍മാരെയും ഈ ദിനത്തില്‍ നമുക്ക് ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യാം.
പൊതുജനാരോഗ്യ മേഖലയുടെ നെടുതൂണുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ജോലിക്കിടെ ജീവന്‍ ത്യജിച്ച ഡോക്ടര്‍ വന്ദന ദാസിനെ പോലുള്ളവരെ ഈ ദിനത്തില്‍ മറക്കാതിരിക്കാം.
ഇന്ത്യയില്‍ മാത്രമല്ല ലോക രാജ്യങ്ങള്‍ പലതും ഡോക്ടമാര്‍ക്കായി ഒരു ദിനം മാറ്റി വെച്ചിട്ടുണ്ട്. അമേരിക്കയില്‍ മാര്‍ച്ച് 30നും ഇറാനില്‍ ഓഗസ്റ്റ് 23നും ക്യൂബയില്‍ ഡിസംബര്‍ 3നുമാണ് ഡോക്ടര്‍ ദിനം ആചരിക്കുന്നത്. ഏത് വെല്ലുവിളികളെയും ഇച്ഛാശക്തിയോടെ നേരിടുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും ഈ ഡോക്ടേഴ്സ് ദിനത്തില്‍ ബിഗ് സല്യൂട്ട്.