തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമ്പോള്‍ ഭരണവിരുദ്ധ വികാരത്തിനെ ബിജെപി മറികടക്കുന്നത് മോദി ഫാക്ടര്‍ എന്ന് രാഷ്ട്രീയ ലോകം വിളിക്കുന്ന നരേന്ദ്രമോദിയിലൂടെയാണ്. സെമിഫൈനലില്‍ ബിജെപിക്ക് വോട്ടാക്കിയത് മോദി പ്രഭാവം മാത്രമോ എന്ന് പരിശോധിക്കേണ്ടതാണ്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാതെയാണ് ബിജെപി വോട്ട് തേടിയത്. വലിയ മാര്‍ജിനില്‍ രാജസ്ഥാനും മധ്യപ്രദേശും നേടിയ ബിജെപിയെ മോദി ഫാക്ടര്‍ എന്നത് മാത്രമാണോ ജയത്തിലെത്തിച്ചത് എന്ന് പരിശോധിക്കേണ്ടതാണ്. ക്രൗഡ് പുള്ളറായ മോദി ബിജെപിയുടെ കാതലായ കോര്‍ വോട്ട് ബാങ്കിന് പുറത്തേക്ക് വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മോദി ഫാക്ടര്‍ മാത്രമല്ലെന്നാണ് കര്‍ണാടക പഠിപ്പിച്ച പാഠം. ഇതുള്‍ക്കൊണ്ടാണ് ബിജെപി വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇത്തവണ ജനക്ഷേമ പദ്ധതികള്‍ വാരി വിതറി വോട്ടാക്കിയത്. പ്രാദേശിക തലത്തില്‍ മോദി മാത്രം മതിയാകില്ലെന്ന പാഠത്തിന്റെ ബാക്കിയാണിത്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ സ്ത്രീശാക്തീകരണത്തിനായി നിരവധി പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഒപ്പം കര്‍ഷകര്‍, തൊഴില്‍രഹിതര്‍,പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള പദ്ധതികള്‍ ബിജെപിക്ക് വോട്ട് മറിച്ചു എന്ന് ഉറപ്പിക്കാം. ഇരട്ട എഞ്ചിന്‍ സര്‍ക്കാരോ രാമക്ഷേത്രമോ എല്ലാ കാലവും വോട്ടാകില്ലെന്ന് മനസിലാക്കി താഴെ തട്ടുമുതല്‍ ഇഴയടുത്ത സംഘടനാപാടവവും ബിജെപിയെ ഇത്തവണ തുണച്ചു. കോണ്‍ഗ്രസിന്റെ പാളിച്ചകളെല്ലാം വോട്ടായി ബിജെപിക്ക് മറിഞ്ഞു എന്നും വിലയിരുത്താം. ലോക്‌സഭ മോദി മാത്രമാണെങ്കില്‍ നിയമസഭയില്‍ പ്രാദേശികതയിലൂന്നി മാത്രമേ ഭരണം നേടാന്‍ ആകൂ എന്നുമുള്ള ബിജെപിയുടെ തിരിച്ചറിവാണ് ആത്മവിശ്വാസത്തോടെയുള്ള ബിജെപി കരുതല്‍ ജയം.