കുവൈത്തിലേക്ക് ഇറാഖ് നടത്തിയ അധിനിവേശത്തിന് ഇന്ന് 33 വര്‍ഷം.1990 ഓഗസ്ത് രണ്ടിനാണ് ഇറാഖ് കുവൈത്തിനെ ആക്രമിച്ചത്. ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാംവീടാണ് കുവൈത്ത് എന്ന കൊച്ചു് രാജ്യം.ഇറാഖിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ സൈന്യം കുവൈത്തിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിട്ട് ഇന്നേക്ക് 33 വര്‍ഷം പിന്നിടുന്നു.
കുവൈത്ത് അധിനിവേശം നമ്മള്‍ കേരളീയരെയും ഏറെ ആശങ്കയിലാക്കിയിരുന്നു.ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുണ്ടായ ഒന്നാം ഗള്‍ഫ് യുദ്ധവും മലയാളികള്‍ നെഞ്ചിടിപ്പോടെയാണ് കാണുന്നത്.
1990 ഓഗസ്റ്റ് രണ്ട്. ശനിയാഴ്ച പുലര്‍കാലം.കുവൈത്തിലെ അമീരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ വാര്‍ഡിലേക്ക് പതിവിലധികം പേര്‍ എത്തിക്കൊണ്ടിരുന്നു. ചേതനയറ്റ ശ്വാസം നിലച്ച ശരീരങ്ങള്‍,അംഗഭംഗം വന്ന മറ്റുചിലര്‍ അങ്ങനെ. അടങ്ങിപ്പിടിച്ച തേങ്ങലുകളും അതിനേക്കാളേറെ ആശങ്കകളും നിറഞ്ഞ അന്തരീക്ഷമായിരുന്നു ആശുപത്രിമുറികളില്‍.
വാരാന്ത്യ അവധിയുടെ ആലസ്യത്തില്‍ നിന്നും കുവൈത്ത് ജനത ഉണര്‍ന്നത് അധിനിവേശത്തിന്റെ ആക്രമണത്തിന്റെ ഇരുണ്ടപുലരിയിലേക്കായിരുന്നു. പ്രസിഡന്റ് സദ്ദാംഹുസൈന്റെ നിര്‍ദ്ദേശപ്രകാരം ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാര്‍ 700 യുദ്ധടാങ്കുകളുടെ അകമ്പടിയോടെ കുവൈത്തെന്ന കൊച്ചുരാജ്യത്തിലേക്ക് ഇരച്ചുകയറി.ആകാശങ്ങളില്‍ ഇറാഖിന്റെ വായുസേന പട്ടാളവ്യൂഹത്തിന് സമാന്തരമായി നിലകൊണ്ടു.സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയ്ക്ക് നിദ്രാവിഹീനമായ രാവുകളായിരുന്നു പിന്നീടങ്ങോട്ട്.
സാമ്പത്തികമായി മുന്നിലാണെങ്കിലും സൈനിക ശേഷിയില്‍ പിന്നിലുള്ള കുവൈത്തിനെ കീഴടക്കാന്‍ സദ്ദാമിന്റെ പട്ടാളത്തിന് ക്ലേശിക്കേണ്ടി വന്നില്ല.അധിനിവേശത്തിനും പലായനത്തിനും വിമോചനത്തിനും കുവൈത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുമൊക്കെ സാക്ഷ്യം വഹിച്ചിരുന്നവര്‍ ഒട്ടേറെപേരുണ്ട്.അവരില്‍ ഏറെ മലയാളികളുമുണ്ട്.
രണ്ടുദിവസം കൊണ്ട് കുവൈത്തിനെ പൂര്‍ണമായികീഴടക്കിയ ഇറാഖ് ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള എല്ലാ സമാധാനനിര്‍ദ്ദേശങ്ങളും അവഗണിച്ചു.ഇറാഖുമായി നല്ലബന്ധമുണ്ടായിരുന്ന ഇന്ത്യ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും കുവൈത്തില്‍ നിന്നും ഇറാഖ് പിന്മാറണമെന്നാവശ്യപ്പെട്ടു.സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടേതടക്കമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സദ്ദാം തള്ളി.
തുടര്‍ന്ന് 1991 ജനുവരിയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നടപടി തുടങ്ങി.3 മാസത്തോളം നീണ്ട സൈനികനടപടിക്കൊടുവില്‍ പുറത്താക്കപ്പെട്ട കുവൈത്ത് ഭരണാധികാരി മാര്‍ച്ച് 15ന് സ്വന്തം രാജ്യത്ത് തിരികെയെത്തി.സൈനികനടപടികളില്‍ പതറിയ സദ്ദാമിന്റെ സൈന്യം കുവൈത്തിന് സ്വാതന്ത്ര്യമനുവദിച്ച് പിന്‍വാങ്ങേണ്ടിവന്നു.പക്ഷെ ഓഗസ്റ്റ് രണ്ടിലെ പുലര്‍കാലത്ത് കുവൈത്തിനെ കൈപ്പിടിയിലൊതുക്കാന്‍ നടത്തിയ ശ്രമത്തിന് സദ്ദാം എന്ന വിപ്ലവകാരിയായ ഭരണാധികാരിക്ക് വലിയ വില നല്‍കേണ്ടിവന്നു.2006 ഡിസംബര്‍ 30ന് സദ്ദാം ഹുസൈന്റെ ജീവന്‍ കഴുമരത്തില്‍ അവസാനിച്ചു.