Share this Article
News Malayalam 24x7
പറ്റിക്കാനും പറ്റിക്കപ്പെടാനുമൊരു ദിനം; ഇന്ന് ഏപ്രില്‍ ഫൂള്‍
April Fool's day

പറ്റിക്കുക, പറ്റിക്കപ്പെടുക. അങ്ങനെ വിഡ്ഢികളാക്കപ്പെടുന്നവര്‍ക്ക് ഒരു ദിനം വേണ്ടെ... ഇന്നാണ് ആ സുദിനം. ഏപ്രില്‍ ഒന്ന് എന്ന ഏപ്രില്‍ ഫൂളിന്നാണ്. ഫോണ്‍ കോളുകളിലും ന്യൂജന്‍ പ്രാങ്കുകളിലും പെട്ട് വഞ്ചിതരാകാതിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ഈ ദിനത്തില്‍. 


ഏപ്രില്‍ ഒന്നിന് പല പ്രത്യേകതകളുണ്ടെങ്കിലും ഏപ്രില്‍ ഫൂളിന്റെ അത്രയൊന്നും വരില്ല മറ്റെന്തും. തൊട്ടടുത്ത വീട്ടിലെ അമ്മൂമ്മ മരിച്ചെന്ന പഴയ കള്ളത്തരമൊന്നും ഇപ്പോ നടക്കില്ല.  ഏപ്രില്‍ ഫൂളിലേക്ക് ന്യൂജന്‍ പ്രാങ്കുകള്‍ വഴി മാറ്റിയിട്ട് കാലം കുറച്ചായി. ഏപ്രില്‍ ഒന്നിന് ജനിച്ചവരെല്ലാം വിഡ്ഢികളാണെന്നതില്‍ തുടങ്ങി പല പല ഖ്യാതികളുമുണ്ട് ഇന്നത്തേ ഈ ദിവസത്തിന്.എന്തുകൊണ്ടാണ് ഏപ്രില്‍ 1 വിഡ്ഢിദിനമായതെന്ന് ചോദിച്ചാല്‍ പഴയ ഒരു കലണ്ടര്‍ കഥയ്ക്കാണ് പ്രചാരം കൂടുതല്‍. കഥ ഇങ്ങനെയാണ്. 


1582ലാണ് വിഡ്ഢി ദിനത്തിന്റെ തുടക്കമെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ജൂലിയന്‍ കലണ്ടറില്‍ നിന്ന് ഫ്രാന്‍സ് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയ കാലം. പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിക്കുകയും പുതിയ കലണ്ടര്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. 


ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറ്റമുണ്ടായപ്പോള്‍ പുതുവര്‍ഷം ജനുവരി ഒന്നിലേക്ക് മാറി. എന്നാല്‍ ആശയവിനിമയം അത്ര ശക്തമല്ലാത്ത കാലമായതിനാല്‍ ഫ്രഞ്ചുകാരെല്ലാം പുതിയ വര്‍ഷം ചെറുതായി മാറിയത് അറിഞ്ഞില്ല. കഥയറിയാതെ ഏപ്രില്‍ 1 പുതുവര്‍ഷമായി ആഘോഷിച്ചവരെ ജനുവരി ഒന്നുകാര്‍ ഒറ്റയടിക്ക് മണ്ടന്മാരെന്ന് പരിഹസിച്ച് തുടങ്ങി. 


ആ കഥയില്‍ തൂങ്ങി കുഞ്ഞുകള്ളങ്ങളും നുണകളും പറഞ്ഞ് പറ്റിക്കുന്നിടത്ത് ഏപ്രില്‍ ഫൂളിന് തുടക്കമായി. ഇംഗ്ലണ്ടില്‍ ഏപ്രില്‍ ഒന്നിലെ വിഡ്ഢികളെ നൂഡി എന്നും ഫ്രഞ്ചുകാര്‍ ഗോക്ക് എന്നും ജര്‍മന്‍കാര്‍ ഏപ്രിനാരെന്നും നമ്മള്‍ മലയാളികള്‍ മണ്ടന്മാരെന്നും വിളിക്കും. 


വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കിലാണ് ലോകം.  വാട്‌സാപ്പ് അമ്മാവന്റെ കോസ്മിക രശ്മിയുടെ ഫോര്‍വേഡുകളില്‍ തുടങ്ങി സൈബര്‍ അറസ്റ്റിലെത്തിനില്‍ക്കുന്ന വ്യാജ നിര്‍മിതിയുടെ വക്കിലാണ് സൈബര്‍ ലോകം നമ്മുടെ പ്രഭാതങ്ങളിലേക്ക് ഫോണ്‍ തുറക്കുന്നത്യ നല്ലവാര്‍ത്തയെ തിരിച്ചറിയാനും കള്ളങ്ങളെ കണ്ടെത്താനും നമുക്ക് സാധിക്കട്ടെ. ഒപ്പം നിര്‍ദോഷമായ ഏപ്രില്‍ ഫൂള്‍ തമാശ പറഞ്ഞ് ചിരിപടര്‍ത്താനും പ്രേക്ഷകര്‍ ശ്രദ്ധവെക്കണം. ആശംസ നേരാന്‍ പറ്റാത്തതിനാല്‍ ഏപ്രില്‍ ഫൂളാണിന്നെന്ന് ഓര്‍മ്മിപ്പിക്കട്ടെ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article