ഇന്ന് അന്താരാഷ്ട്ര കടുവാദിനം. കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ആവാസവ്യവസ്ഥയുടെ ആരോഗ്യവും വൈവിധ്യവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മൃഗമാണ് കടുവ.പാന്തോറ ടൈഗ്രിസ്എന്നാണ് കടുവയുടെ ശാസ്ത്ര നാമം.
മറ്റ് മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്ന കടുവ ഭക്ഷണശൃംഖലയില്‍ പ്രധാനമാണ്.കാട്ടിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കടുവകള്‍ സസ്യഭുക്കുകളുടെയും സസ്യജാലങ്ങളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. എന്നാല്‍ ആവാസവ്യവസ്ഥയുടെ നാശം,വേട്ടയാടല്‍,കടുവയുടെ ശരീരഭാഗങ്ങളുടെ അനധികൃത വ്യാപാരം, മരംമുറിക്കല്‍ തുടങ്ങിയവ കാരണം കടുവകളുടെ എണ്ണം കുറയുന്നു.
വംശനാശം നേരിടുന്ന മൃഗമാണ് കടുവകള്‍. കടുവകളുടെ വംശനാശത്തെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന പൊതുലക്ഷ്യത്തോടെ പ്രത്യേക സന്ദേശമൊന്നും ഇല്ലാതെയാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കടുവ ദിനം ആഘോഷിക്കുന്നത്.
2010ല്‍ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ടൈഗര്‍ ഉച്ചകോടിയില്‍വച്ചാണ് ജൂലൈ 29 അന്താരാഷ്ട്ര കടുവാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.ആഗോള കടുവ സംഖ്യയുടെ 70 ശതമാനം ഇന്ത്യയിലായതിനാല്‍ അന്താരാഷ്ട്ര കടുവാദിനാഘോഷങ്ങളില്‍ രാജ്യം പ്രധാന പങ്ക് വഹിക്കുന്നു.
കടുവ സംരക്ഷണകേന്ദ്രങ്ങളുടെയും പരിസ്ഥിതി വകുപ്പിന്റെയും കൂട്ടായ ശ്രമങ്ങള്‍ ലക്ഷ്യത്തിന് മുമ്പ് തന്നെ ഇന്ത്യയിലെ കടുവകളുടെ എണ്ണം ഇരട്ടിയാക്കി.അന്താരാഷ്ട്ര കടുവാദിനം ആഘോഷിക്കേണ്ടത് വളരെ പ്രധാനമാണ്.
കാരണം ലോക വന്യജീവി ഫണ്ടിന്റെ കണക്ക് അനുസരിച്ച് ആഗോളതലത്തില്‍ 3,900 കടുവകള്‍ മാത്രമാണ് ഉള്ളത്.വെളുത്ത കടുവകള്‍,കറുത്തവരകളുള്ള തവിട്ടുനിറത്തിലുള്ള കടുവകള്‍,കറുത്തവരകളുള്ള വെളുത്ത കടുവകള്‍,സ്വര്‍ണനിറത്തിലുള്ള കടുവകള്‍ എന്നിങ്ങനെയാണ് കടുവകളുള്ളത്.ഇതുവരെ ബാലിടൈഗര്‍,കാസ്പിയന്‍ ടൈഗര്‍,ജവാന്‍ ടൈഗര്‍,ടൈഗര്‍ ഹൈബ്രിഡ്‌സ് എന്നീ ഇനങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചത്. ലോകത്ത് കടുവകള്‍ക്ക് ഒരേ ഒരു ശത്രുവേ ഉള്ളൂ.അത് മനുഷ്യനാണ്.