ലിയോ ടോള്‍സ്റ്റോയ് എന്നത് ഒരു കാലത്തിന്റെ പേരായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 113 വര്‍ഷം. 1828 സെപ്റ്റംബര്‍ 9-ന് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്നയ പോല്യാനയിലായിരുന്നു ലിയോ ടോള്‍സ്റ്റോയിയുടെ ജനനം. കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. ചൂതാട്ടം വരുത്തി വച്ച കടത്തില്‍ നിന്നു രക്ഷപ്പെടാനായി 1851-ല്‍ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു.
1852ല്‍ തന്റെ കുട്ടിക്കാലത്തെ സാങ്കല്‍പ്പിക വിവരണമായ 'ചൈല്‍ഡ്ഹുഡ്' എന്ന ആദ്യ നോവല്‍ എഴുതി. 1854-55 കാലഘട്ടത്തില്‍ മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച 'ബാല്യം', 'കൗമാരം', 'യൗവ്വനം', ടോള്‍സ്റ്റോയിയുടെ സെമി- ഓട്ടോബയോഗ്രഫിക്കല്‍ ട്രൈലോജിയായിരുന്നു. ഇത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചു. യുദ്ധം മൂലമുണ്ടായ മരണങ്ങളില്‍ മനംനൊന്ത് ടോള്‍സ്റ്റോയ് സൈന്യം വിട്ടു. സൈന്യത്തിലെ അനുഭവമായിരുന്നു അദ്ദേഹത്തെ അഹിംസയുടെ പാതയിലേക്ക് നയിച്ചത്. 1862ല്‍ അദ്ദേഹം സോഫിയ അഡ്രീനയെ വിവാഹം കഴിച്ചു.
ടോള്‍സ്റ്റോയി കൃതികളുടെ കൈയെഴുത്തുപ്രതികള്‍ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറി കൂടി ആയിരുന്നു. പിന്നീട് 'യുദ്ധവും സമാധാനവും', 'അന്ന കരെനീന' തുടങ്ങി വിഖ്യാതമായ നോവലുകള്‍ രചിച്ചു. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് തുടങ്ങിയവര്‍ ആശയപരമായി ടോള്‍സ്റ്റോയിയോട് ഏറെ സാമ്യത പുലര്‍ത്തുന്നവരാണ്. 82-ാമത്തെ വയസില്‍ വിശ്വാസങ്ങള്‍ക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയില്‍ നിന്ന് 80 മൈല്‍ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷന്‍ വരെയേ എത്താനായുള്ളൂ. ന്യൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷന്‍ മാസ്റ്ററുടെ വസതിയില്‍ 1910 നവംബര്‍ ഇരുപതാം തീയതി മരണത്തിന് കീഴടങ്ങി.