Share this Article
News Malayalam 24x7
സി.പി.ഐ.എമ്മിൻ്റെ പാളിപ്പോയ സ്വതന്ത്ര പരീക്ഷണങ്ങൾ...
1 min read
Alphonse Kannanthanam, Manjalam Kuzhi Ali, Anwar

ചെങ്കൊടി പ്രസ്ഥാനത്തിന് ഒരിക്കലും കടന്ന് കയറാൻ കഴിയാത്ത രാഷ്ട്രീയ എതിരാളികളുടെ കോട്ടകൊത്തളങ്ങൾ പിടിച്ച് എടുക്കാൻ സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പയറ്റുന്ന അവസാന അടവാണ് സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള പരീക്ഷണം. കേരള രാഷ്ട്രീയം ഈ പരീക്ഷണം ഏറെ കണ്ടതാണെങ്കിലും സ്വതന്ത്രരാൽ കൈ പൊള്ളിയ ചരിത്രം മാത്രമാണ് സി.പി.ഐ എമ്മിനുള്ളത്.

സ്വതന്ത്ര പരീക്ഷണം കൊണ്ട് താത്കാലിക ലാഭം നേടാൻ സി.പി.ഐ.എമ്മിന് കഴിഞ്ഞിട്ടുണ്ടെങ്കിലും' അതിൻ്റെ ആകെ തുക എടുക്കുമ്പോൾ നഷ്ടത്തിൻ്റെ കണക്ക് മാത്രമാണ് ബാക്കി.

കോൺഗ്രസ്, ലീഗ് കോട്ടകൾ തകർക്കാൻ സി.പി.ഐ.എം നടത്തിയ പരീക്ഷണങ്ങൾ ബൂമറാങ്ങ് പോലെ തിരിച്ച് വന്ന് പ്രഹരിച്ച ചരിത്രമാണ് കേരള രാഷ്ട്രീയത്തിലുള്ളത്. 

അൽഫോൺസ് കണ്ണന്താനം മുതൽ പി.വി.അൻവർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കണക്ക് പുസ്തകത്തിൽ എഴുതി ചേർക്കാനുള്ളത് നഷ്ട കണക്ക് മാത്രമാണ്. 

അൽഫോൺസ് കണ്ണന്താനം, മഞ്ഞളാം കുഴി അലി, ഡോ: കെ... എസ്.മനോജ്, കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം, വി.അബ്ദുറഹ്മാൻ, പി.വി.അൻവർ, ഗഫൂർ ലില്ലീസ്, മനു റോയി, ജോ ജോസഫ്, കെ.എസ്.ഹംസ, ഹുസൈൻ രണ്ടത്താണി അങ്ങനെ നീളുകയാണ് ഈ ലിസ്റ്റ്.


അൽഫോൺസ് കണ്ണന്താനം

യുഡിഫ് കോട്ടയായ കാഞ്ഞിരപ്പള്ളി 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അൽഫോൺസ് കണ്ണന്താനം എന്ന മുൻ ഐ.എ.എസ്കാരനിലൂടെ പിടിച്ചെടുക്കാൻ സി.പി.ഐ എമ്മിന് കഴിഞ്ഞെങ്കിലും പിന്നീട് ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിയായാണ് കണ്ണന്താനത്തെ രാഷ്ട്രീയ കേരളം കണ്ടത്. 

മഞ്ഞളാം കുഴി അലി

മഞ്ഞളാം കുഴി അലി മുസ്ലിം ലീഗ് കുത്തക  മണ്ഡലമായ മങ്കട മണ്ഡലത്തിൽ 2 തവണ ഇടത് സ്ഥനാർത്ഥിയായി വിജയിച്ചതിന് ശേഷം മുസ്ലിം ലീഗിൽ അഭയം പ്രാപിച്ച് 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായതും ചരിത്രം. 

യു ഡി എഫ് കോട്ട തകർത്തവർ

മുൻ ലീഗ് നേതാക്കളായ കെ.ടി.ജലീൽ, പി.ടി.എ.റഹീം, കാരാട്ട് റസാഖ് തുടങ്ങിയവരും യു.ഡി.എഫ് സീറ്റുകൾ പിടിച്ചെടുക്കാൻ സി.പി.ഐ.എം രംഗത്തിറക്കിയ തുറുപ്പ് ചീട്ടുകളാണ്. മൂവരും ഇടതനുഭാവികളായി ഇന്ന് തുടരുമ്പോഴും  സി.പി.ഐ.എമ്മുമായി അത്ര രസത്തിലല്ല. 

അൻവർ പഠിപ്പിക്കുന്ന പാഠം 

നിലമ്പൂരിലെ കോൺഗ്രസ് കോട്ട തകർക്കാൻ സി.പി.ഐ.എം കണ്ടെത്തിയ ആയുധമായിരുന്നു പി.വി.അൻവർ.  2016,2021നിയമസഭ തെരഞ്ഞടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിൻ്റെ അടിവേരറുക്കാൻ മുൻ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ആയിരുന്ന 'അൻവറിന് കഴിഞ്ഞു എന്ന് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലെ സി.പി.ഐ.എം പ്രവർത്തകരുടെ ആവേശമായി മാറാനും അൻവറിന് കഴിഞ്ഞു. 

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ എതിരാളികൾ പോലും ഇന്നുവരെ ഉന്നയിക്കാത്ത തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഒരു രാത്രികൊണ്ട് വർഗ്ഗ വഞ്ചകരുടെ പട്ടികയിലെ ഒന്നാമനായി അൻവർ മാറുമ്പോൾ ഇനിയെങ്കിലും സി.പി.ഐ.എം ഓർക്കേണ്ടിയിരിക്കുന്നു .താത്കാലിക ലാഭത്തിനായി വേലിയിലെ പാമ്പിനെ എടുത്ത് കഴുത്തിലിട്ടാൽ അത് വളർന്ന് കഴിഞ്ഞാൽ ആഞ്ഞ് കൊത്തുക കഴുത്തിന് തന്നെയാണ് എന്ന സത്യം.  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories